- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ ധരിപ്പിക്കാൻ സംസ്ഥാനത്ത് ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്രമന്ത്രിമാരെ സന്ദർശിച്ചു. കേന്ദ്ര വ്യേമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എന്നിവരെയാണ് സന്ദർശിച്ചത്. കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 80 % ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്തർ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു. ഹജ്ജ് ഹൗസും കോഴിക്കോട്ടാണ് പ്രവർത്തിക്കുന്നത്. ഈ വർഷം കോഴിക്കോട് പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം എമ്പാർക്കേഷൻ പോയിന്റായി പരിഗണിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു.
2020 ആഗസ്തിൽ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കാൻ ജോത്യരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിർദേശവും മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് മന്ത്രിമാർക്ക് കൈമാറി.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രിമാർ അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ