മസ്‌കറ്റ്: അമ്പത്തിയൊന്നാമത് ദേശീയ ദിനം ആഘോഷമാക്കി ഒമാൻ. രാജ്യത്തെ സ്വദേശികളും വിദേശികളും ദേശീയ ദിനാഘോഷങ്ങളിൽ ഒരുമിച്ച് പങ്കുചേർന്നു. കോവിഡ് സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളോടെയാണ് ആഘോഷം നടക്കുന്നത്. പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വഴിയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറത്തിൽ അലങ്കരിച്ചു. ആധുനിക ഒമാന്റെ ശിൽപ്പിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയ ദിനമായി ആഘോഷിക്കുന്നത്. ദേശീയ ദിനത്തിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് വിവിധ മന്ത്രിമാരും രാഷ്ട്ര നേതാക്കളും ആശംസകൾ അറിയിച്ചു.

അൽ മുതഫ ക്യാമ്പിൽ നടക്കുന്ന സൈനിക പരേഡിൽ സായുധസേന സുപ്രീം കമാൻഡർ കൂടിയായ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ആണ് സല്യൂട്ട് സ്വീകരിക്കുന്നത്. സൈന്യത്തിന്റെ ബാൻഡ് പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. മസ്‌കറ്റ് ഗവർണറേറ്റിൽ ഇന്നും ദോഫാർ ഗവർണറേറ്റിൽ നാളെയുമാണ് വെടിക്കെട്ട് നടക്കുക. നവംബർ 28, 29 തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ദേശീയദിന പൊതു അവധി ആയിരിക്കും.