ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ ബൈക്കുകളിലെത്തിയ സംഘത്തിന്റെ തോട്ടയേറിൽ കൊല്ലപ്പെട്ടത് 32കാരനായ യുവാവ്. തോണ്ടൻകുളങ്ങര കിളിയംപറമ്പ് സ്വദേശി അരുൺ (കണ്ണൻ-32) ആണ് ഇന്നലെ അക്രമി സംഘത്തിന്റെ കിരാത പ്രവൃത്തിക്ക് ഇരയായത്. കിളിയംപറമ്പ് ശ്മശാനത്തിനു സമീപമാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം എറിഞ്ഞ തോട്ട അരുണിന്റെ പുറത്തു വീണു പൊട്ടി. അരുൺ തൽക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയെന്നാണ് വിവരം.

അക്രമികൾ ആയുധങ്ങൾ കാട്ടി ഭീതി പരത്തിയതിനാൽ അരുണിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. അരുൺ ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. അക്രമികളുടേതെന്നു കരുതുന്ന കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വിനീതയാണ് അരുണിന്റെ ഭാര്യ. മകൾ: അവന്തിക.