- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടമായി; ചെങ്ങന്നൂരിൽ നിന്നും പാസ്‌പോർട്ട് കൊച്ചിയിലെത്തിച്ച് സുമനസ്സുകൾ
ചെങ്ങന്നൂർ: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ പാസ്‌പോർട്ട് മറന്നുവെച്ച പ്രവാസിക്ക് പാസ്‌പോർട്ട് വിമാനത്താവളത്തിലെത്തിച്ച് നൽകി സുമനസ്സുകളുടെ കാരുണ്യം. പയ്യന്നൂർ സ്വദേശി മുഹമ്മദ് ഉനൈസ് ആണ് ട്രെയിനിൽ പാസ്‌പോർട്ട് മറന്നത്. ട്രെയിനിൽ നിന്നും ഇറങ്ങി വിമാനത്താവളത്തിൽ എത്തുമ്പോഴാണ് പാസ്‌പോർട്ട് നഷ്ടമായ വിവരം ഉനൈസ് ്അറിയുന്നത്. പിന്നീട് പാസ്‌പോർട്ട് തിരികെ കിട്ടുന്ന 2 മണിക്കൂർ 15 മിനിറ്റിന് ഉനൈസിന്റെ ജീവശ്വാസത്തിന്റെ വിലയുണ്ടായിരുന്നു.
കോവിഡിനിടയിൽ ജോലി നഷ്ടപ്പെട്ട് ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഉനൈസിന് സിംഗപ്പൂരിലേക്ക് വിമാനം കയറാൻ കൊച്ചിയിലെത്തിയത്. 16നു (ചൊവ്വ) രാത്രി 8.10: മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസിലെ ബി2 കോച്ചിൽ മുഹമ്മദ് ഉനൈസ് അങ്കമാലിയിലേക്കു യാത്ര തിരിച്ചു. 17നു പുലർച്ചെ 2.40: അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോയി. വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോൾ പാസ്‌പോർട്ട് വച്ച പഴ്‌സ് കാണാനില്ല.
കാത്തിരുന്നുകിട്ടിയ വിദേശജോലി കൈവിട്ടു പോകുമെന്ന നിലയായതോടെ പഴ്‌സ് തേടി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക്. സ്റ്റേഷൻ മാസ്റ്റർ സാജു ജേക്കബിനെ വിവരം അറിയിച്ചു. സാജു തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്കു വിവരം നൽകി. അപ്പോഴേക്കും ട്രെയിൻ കോട്ടയത്ത് എത്താറായി. കൺട്രോൾ റൂമിൽനിന്നു വിവരം കിട്ടിയ, ട്രെയിനിലെ ടിടിഇ പത്മകുമാർ ബി2 കോച്ചിൽനിന്നു പഴ്‌സ് കണ്ടെത്തി.
പുലർച്ചെ 5.45: ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഉനൈസിന്റെ പാസ്‌പോർട്ടും ഇന്ത്യൻ കറൻസിയും സിംഗപ്പൂർ ഡോളറും അടങ്ങിയ പഴ്‌സ് ഏറ്റുവാങ്ങിയ സ്റ്റേഷൻ സൂപ്രണ്ട് കെ.ജി.ഉണ്ണിത്താൻ അങ്കമാലി സ്റ്റേഷനിൽ ബന്ധപ്പെട്ടു. ഉനൈസിനോട് തിരികെ വിമാനത്താവളത്തിലേക്കു മടങ്ങാൻ നിർദേശിച്ചു. തുടർന്ന് ചെങ്ങന്നൂർ സ്റ്റേഷൻ വളപ്പിലെ ടാക്‌സി ഡ്രൈവർ പാണ്ടനാട് കീഴ്‌വന്മഴി മിഥുൻഭവനം ആർ.ബിജുവിനെ (43) പഴ്‌സ് ഏൽപിച്ച് വേഗം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കാൻ പറഞ്ഞു.
രാവിലെ 6.05: തന്റെ കാറിൽ ബിജു നെടുമ്പാശേരിയിലേക്ക്. ജീവിതത്തിൽ ഇത്രയും വേഗത്തിൽ വാഹനം ഓടിച്ചിട്ടില്ലെന്നു ബിജു പറയുന്നു. രാവിലെ 8.22: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം കാത്തിരുന്ന ഉനൈസിനെ കാറിന്റെ ഹെഡ്ലൈറ്റുകൾ തെളിച്ചുകാട്ടി ബിജു വരവ് അറിയിച്ചു. ഓടിയെത്തി ബിജുവിന്റെ കയ്യിൽനിന്നു പഴ്‌സ് ഏറ്റുവാങ്ങുമ്പോൾ ഉനൈസിന്റെ കൈകൾ വിറച്ചു. നന്ദിവാക്കുകൾ അറിയിച്ച് ചെക്ക് ഇൻ ചെയ്യാൻ ഓടി. വിമാനം അരമണിക്കൂർ വൈകിയതും തുണയായി. വിമാനത്താവളത്തിനുള്ളിലെത്തിക്കഴിഞ്ഞും സിംഗപ്പൂരിലെത്തിയ ശേഷവും ഉനൈസ് സാജുവിനെയും ഉണ്ണിത്താനെയും വിളിച്ചു; പറഞ്ഞാലും തീരാത്ത നന്ദി അറിയിച്ച്.