- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ അമ്മയെ ഉപദ്രവിച്ച യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു; 29കാരനായ ശ്രീനാഥ് മരിച്ചത് കത്രിക കൊണ്ടുള്ള കുത്തേറ്റ്: മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്
കോലഞ്ചേരി: മദ്യലഹരിയിൽ അമ്മയെ ഉപദ്രവിക്കുന്നതിനിടയിൽ യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു. മറ്റക്കുഴി വരിക്കോലി അയിരാറ്റിൽ പരേതനായ ഹരിഹരന്റെ ഇളയ മകൻ ശ്രീനാഥാണ് (29) ആണ് കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. അനുജനെ കൊന്ന കേസിൽ ചേട്ടൻ ശ്രീകാന്തിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. ഇതു കണ്ട ജ്യേഷ്ഠൻ ശ്രീകാന്ത് തടയാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. മൽപ്പിടിത്തത്തിനിടെ ശ്രീനാഥിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ കൈയിൽ കിട്ടിയ ചെറിയ കത്രിക ഉപയോഗിച്ച് ശ്രീകാന്ത് അനുജനെ മുറിവേൽപ്പിച്ചു.
നെഞ്ചിൽ കുത്തേറ്റതോടെ ശ്രീനാഥ് കുഴഞ്ഞുവീണു. നെഞ്ചിലേറ്റ ചെറിയ മുറിവ് മരണ കാരണമാകുമെന്ന് ശ്രീകാന്ത് കരുതിയിില്ല. മദ്യലഹരിയിൽ കുഴഞ്ഞു വീണെന്നു പറഞ്ഞ് അമ്മയും മകനും ചേർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തുമ്പോൾ തന്നെ ശ്രീനാഥിന്റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് ശ്രീകാന്ത്, അനുജൻ കുഴഞ്ഞുവീണ് മരിച്ചതായി പൊലീസിൽ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനിടെ നെഞ്ചിനുസമീപത്തെ മുറിവ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.
കളമശ്ശരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കത്രികക്കുത്തേറ്റ് ഹൃദയ വാൽവിലുണ്ടായ ദ്വാരമാണ് മരണ കാരണമായതെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് അമ്മയേയും മകനേയും ചോദ്യം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠൻ പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ തന്നെ ശ്രീകാന്ത് കുറ്റം സമ്മതിച്ചു.
കത്രികയ്ക്ക് ചെറിയ മുറിവുണ്ടാക്കി എങ്കിലും മരണം സംഭവിക്കുമെന്ന് കരുതിയില്ലെന്ന് ശ്രീകാന്ത് പൊലീസിനോട് പറഞ്ഞു. മീശ വെട്ടുന്ന ചെറിയ കത്രികകൊണ്ടുള്ള മുറിവായിരുന്നതിനാൽ രക്തം തുടച്ചുകളഞ്ഞ് വസ്ത്രങ്ങൾ മാറ്റിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. കത്രികയും രക്തക്കറയുള്ള വസ്ത്രങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൈക്കോടതി ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഹരിഹരൻ മരിച്ച ശേഷം മാതാവ് റിട്ട. ഡോ. സതിയും എം.എസ്.ഡബ്ല്യു.ക്കാരനായ ശ്രീകാന്തും എം.ബി.എ.ക്കാരനായ ശ്രീനാഥുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശ്രീനാഥ് പല ദിവസവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ