- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടലിനടിയിൽ മുങ്ങി തപ്പിയിട്ടെങ്ങും ആ അദ്ഭുത വിമാനം കണ്ടെത്തിയില്ല; അമേരിക്കയുടെ സഹായം തേടി ബ്രിട്ടൻ; അത്യാധുനിക സാങ്കേതിക വിദ്യയുള്ള യുദ്ധ വിമാനം റഷ്യ കടലിനടിയിൽ നിന്നും പൊക്കിക്കൊണ്ടു പോകുമെന്ന് ഭയം ശക്തം
ബ്രിട്ടീഷ് സേനയുടെ കടലിൽ തകർന്നു വീണ യുദ്ധവിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ, ഏറെ നേരത്തെ ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. വിമാനം കണ്ടെത്താനാകാതെ പോയതോടെ ബ്രിട്ടൻ അമേരിക്കയുടെ സഹായം തേടി. ഇപ്പോൾ, കാണാതായ എഫ് 35 ബി വിമാനത്തിനുള്ള തിരച്ചിൽ അമേരിക്കയും ബ്രിട്ടനും ഒരുമിച്ചാണ് നടത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും ഒരു മൈലിലേറെ ആഴത്തിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.
സമുദ്രത്തിൽ തകര്ന്നു വീണ വിമാനം റഷ്യ കൈക്കലാക്കുമോ എന്ന ഭയമണ് ബ്രിട്ടനുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യയുള്ള വിമാനം റഷ്യൻ ശാസ്ത്രജ്ഞരുടെ കൈയിൽ കിട്ടിയാൽ അത് തങ്ങൾക്ക് പാരയാകുമെന്ന് അമേരിക്കയ്ക്കും അറിയാം. അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള പല സാങ്കേതിക വിദ്യകളും ഈ വിമാനത്തിലുണ്ട്.അത് സംരക്ഷിക്കേണ്ട ബാദ്ധ്യത അമേരിക്കയ്ക്കും ഉണ്ട്. അതുകൊണ്ടു കൂടിയാണ് അമേരിക്കയും തിരച്ചിലിൽ സജീവമായി പങ്കെടുക്കുന്നത്.
വിമാനം തകർന്ന് വീണ ഉടനെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ ബ്രിട്ടീഷ് റോയൽ നേവി അവിടെ കനത്ത സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ചെറിയ മുങ്ങിക്കപ്പലുകളും നിരവധി മുങ്ങൽ വിദഗ്ദരും ഉൾപ്പെടുന്ന സംഘം അതീവ രഹസ്യമായാണ് ഓരോ നീക്കങ്ങളും നടത്തുന്നത്. ഇതോടൊപ്പം വിമാനം കണ്ടെത്തിയാൽ അത് അടിത്തട്ടിൽ നിന്നും പൊക്കുന്നതിനുള്ള ഇൻഫ്ളാറ്റബിൾ ബാഗുകളും സംഘം കരുതിയിട്ടുണ്ട്.
റഷ്യയുടെയോ റഷ്യൻ സഖ്യരാജ്യങ്ങളുടെയോ കൈയിൽ ഈ വിമാനം ലഭിച്ചാൽ അതിലെ നൂതന സാങ്കേതിക വിദ്യ സൂക്ഷ്മമായി പഠിക്കാൻ അവർക്ക് അവസരം നൽകും. അതുവഴി അവർക്ക് ഈ വിമാനത്തിന്റെ പല സവിശേഷതകൾക്കും എതിരായി പ്രതിരോധങ്ങൾ തീർക്കുവാനും അതുവഴി ഈ വിമാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതെയാക്കുവാനും കഴിഞ്ഞേക്കാം. അതുകൊണ്ടു തന്നെയാണ് നേരത്തേ ടർക്കിക്ക് എഫ് 35 ബി വിമാനം നൽകുന്നതിനെ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് എതിർത്തത്. ടർക്കി റഷ്യൻ മിസൈൽ സിസ്റ്റമാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഇതിനു കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്.
റഷ്യൻ മിസൈൽ സിസ്റ്റം ഉപയോഗിക്കുന്നു എന്നതിനർത്ഥം റഷ്യൻ സാങ്കേതിക വിദഗ്ദരുടെ സാന്നിദ്ധ്യം അവിടെ ഉണ്ടെന്നാണ്. തങ്ങളുടെ വിമാനത്തിന്റെ സാങ്കേതിക വിദ്യ വളരെ അടുത്തുനിന്ന് പഠിക്കാനുള്ള ഒരു അവസരം റഷ്യൻ സാങ്കേതിക വിദഗ്ദർക്ക് നൽകാൻ അമേരിക്ക ഒരുക്കമല്ലായിരുന്നു. അത്രയധികം സൂക്ഷ്മതയോടെയാണ് ഈ അടുത്ത തലമുറ യുദ്ധവിമാനത്തിന്റെ കാര്യങ്ങൾ അമേരിക്ക കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് കടലിൽ മുങ്ങിയ വിമാനം ഉയർത്തേണ്ടത് അമേരിക്കയുടെയും കൂടി ആവശ്യമായത്.
മറുനാടന് മലയാളി ബ്യൂറോ