ന്യൂഡൽഹി: ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ തീരുമാനം എടുത്തു. അതെ, തർക്ക വിഷയമായ കാർഷിക നിയമങ്ങൾ പിൻവലിച്ചു. അടുത്ത വർഷത്തെ നിർണായക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് പ്രതിപക്ഷം പറയുന്നു. തീർച്ചയായും അതിൽ ശരിയുണ്ട്. കാരണം തിരഞ്ഞെടുപ്പിൽ തോൽക്കാൻ ബിജെപി ആയാലും കോൺഗ്രസ് ആയാലും ഇഷ്ടപ്പെടുന്നില്ലല്ലോ. ഏതായാലും തീരുമാനം വന്നതോടെ, പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നന്നേ ഉയരുമെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്

കാർഷിക മേഖലയുടെ പുരോഗതിക്ക് നിർണായക നിയമങ്ങളെന്ന് പറഞ്ഞ് പ്രതിരോധിച്ചതുകൊണ്ടാവണം, ബിജെപി നേതാക്കളുടെ പ്രതികരണങ്ങളിൽ വലിയ ഉത്സാഹം കണ്ടില്ല. എന്നിരുന്നാലും അവരും സമ്മതിക്കുന്നു, ഈ തീരുമാനം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മാറ്റി മറിക്കും. ദയാലുവും സംവേദനക്ഷതയും ഉള്ള നേതാവായി ജനങ്ങൾ ഇനി മോദിയെ കാണുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

പാർട്ടിക്ക് ഗുണം ചെയ്യുമോ?

പഞ്ചാബിലും മറ്റും ചില സ്ഥാപിത താൽപര്യക്കാർ നടത്തിയിരുന്ന മുതലെടുപ്പ് അവസാനിപ്പിക്കാൻ കഴിയും എന്നാണ് യുപിയിലേത് അടക്കം അഞ്ച് മുതിർന്ന ബിജെപി നേതാക്കൾ പറയുന്നത്. രാഷ്ട്രീയമായി പഞ്ചാബിലും, ഹരിയാനയിലും പടിഞ്ഞാറൻ യുപിയിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ തീരുമാനത്തോടെ കഴിയുമെന്നാണ് ചില നേതാക്കളുടെ വിശ്വാസം. പഞ്ചാബിൽ പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തണം. അകാലി ദളിന് ഒപ്പമാണ് അവിടെ നേരത്തെ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി സഖ്യം ഉണ്ടാക്കാൻ തീരുമാനം ബിജെപിക്ക് പിൻബലം നൽകും. യുപിയിൽ ജാട്ട് സമുദായത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ കഴിയും, ഇങ്ങനെയൊക്കെയാണ് കണക്കുകൂട്ടൽ.
പഞ്ചാബിലും, ഹരിയാനയുടെ ഏതാനും ഭാഗങ്ങളിലും പടിഞ്ഞാറൻ യുപിയിലുമായി കർഷക പ്രക്ഷോഭം ഒതുങ്ങി എന്ന വാദത്തിൽ ബിജെപി നേതാക്കൾ ഉറച്ചുനിൽക്കുമ്പോഴാണ് ലഖിംപൂർ ഖേരി വെടിവെപ്പുണ്ടായത്. അതോടെ സർക്കാരിനെതിരെ ജനരോഷം തിരിഞ്ഞു.

സിഖ് സമുദായത്തെ കൈയിലെടുക്കാം

ബിജെപിക്കും മോദിയുടെ നേതൃത്വത്തിനും എതിരെ സിഖ് സമുദായത്തിൽ ഉണ്ടായ അതൃപ്തി മുഖവിലയ്ക്ക് എടുക്കാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും ബിജെപിക്ക് ബോധ്യം ഉണ്ടായിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ വർദ്ധിച്ചു വരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക നിയമത്തിന്റെ പേരിലുള്ള പ്രക്ഷോഭം അവസാനിപ്പിക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. അതിർത്തി സംസ്ഥാനത്ത് സിഖുകാർക്ക് ഇടയിൽ വർദ്ധിച്ചു വരുന്ന സംഘർഷം മുതലെടുക്കാൻ ഖലിസ്ഥാനികൾ ശ്രമിച്ചിരുന്നതായും പറയുന്നു. പ്രധാനമന്ത്രി രാജ്യത്തെ മുന്നിൽ കണ്ടെടുത്ത തീരുമാനം എന്നാണ് ബിജെപി വാദം.

സിഖ് സമുദായത്തിന്റെ അഭ്യർത്ഥന മാനിച്ച് കർത്താർപൂർ സാഹിബ് ഇടനാഴി അടുത്തിടെ തുറന്നുകൊടുത്തിരുന്നു. സിഖ് സമുദായവും മോദിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള തയ്യാറെടുപ്പുകളും അണിയറയിൽ നടന്നു. രാഷ്ട്രീയ പ്രചാരകനായിരിക്കെ, പഞ്ചാബിലും, ചണ്ഡീഗഡിലും പ്രവർത്തിച്ച കാലത്ത് സിഖ് സമുദായവുമായി മോദി ഉണ്ടാക്കിയ എടുത്ത ബന്ധവും ബിജെപി ഹൈലൈറ്റ് ചെയ്യുന്നു. താലിബാൻ കാബൂൾ പിടിച്ചടക്കിയപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖുകാരെയും, പുണ്യഗ്രന്ഥങ്ങളെയും സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞതും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഗുരു തേജ് ബബാദൂറിന്റെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് മോദി ഡൽഹിയിലെ രഖബ്ഗഞ്ച് ഗുരുദ്വാര സന്ദർശിച്ചിരുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ പുത്തൻ അദ്ധ്യായം

നവംബർ 29 ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. കേന്ദ്രത്തിന് എതിരെ ശക്തമായി ആഞ്ഞടിക്കാനിരുന്ന പ്രതിപക്ഷത്തിന് വലിയൊരു ആയുധം നഷ്ടമായിരിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മോദിയുടെ പ്രതിച്ഛായയ്ക്ക് സംഭവിച്ച ഇടിവിനും വലിയൊരു അളവ് വരെ പരിഹാരമാണ് പുതിയ തീരുമാനം. ബിജെപിക്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി കിട്ടിയ പിടിവള്ളി. ജനവികാരത്തിന് ഒപ്പമാണെന്നും എല്ലാവരെയും ഒപ്പം കൂട്ടണമെന്നും ഉള്ള സന്ദേശം നൽകാൻ മോദിക്ക് കഴിഞ്ഞതായും ബിജെപി വിലയിരുത്തുന്നു. ഇത് മോദിയുടെ രാഷ്ട്രീയജീവിതത്തിലെ പുതിയ അദ്ധ്യായമായി ചില ബിജെപി നേതാക്കൾ കരുതുന്നു. ശക്തനായ നേതാവ് എന്ന നിലയിൽ നിന്ന് കാരുണ്യവാനും ജനവികാരം തൊട്ടറിയുന്നവനുമായ നേതാവെന്ന നിലയിലേക്കുള്ള മാറ്റം.

എന്നാൽ, പുതിയ തീരുമാനത്തിൽ യുപിയിലെ എല്ലാ നേതാക്കളും സന്തുഷ്ടരല്ല. യുപിയിൽ ഇത് വലിയ രാഷ്ട്രീയ മാറ്റ ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ചെറുകിട കർഷകരാണ് കൂടുതൽ. അവർക്ക് കാർഷിക നിയമങ്ങളിൽ നിന്ന് നേട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു. മാത്രമല്ല രാജ്യത്തുടനീളം ഇത് ചെറുകിട കർഷകർക്ക് ഗുണകരമെന്നാണ് ബിജെപി പ്രചരിപ്പിച്ചിരുന്നത്. എന്തായാലും കൂടുതൽ ജനാധിപത്യപരമായ, സംവേദനക്ഷമതയോടെ ഉള്ള, സ്്‌റ്റേറ്റ്‌സ്മാനെ പോലെയുള്ള തീരുമാനം എന്ന് വിമർശകരും സമ്മതിക്കുന്നു. ബിജെപിക്ക് പ്രഥമമായി രാഷ്ട്രവും സുരക്ഷയുമാണ് മുഖ്യം എന്നും നേതാക്കൾ പറഞ്ഞു.