ന്യൂഡൽഹി: വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

കർഷകരുടെ സത്യഗ്രഹത്തിനു മുന്നിൽ ധാർഷ്ട്യം കീഴടക്കപ്പെട്ടുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അന്യായത്തിനെതിരെയുള്ള ഈ ജയത്തിന് അഭിവാദ്യങ്ങളെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

700 കർഷകർ മരണപ്പെട്ടതിന് ശേഷമാണ് നിയമം പിൻവലിക്കുന്നതെന്നായിരുന്നു മല്ലികാർജുൻ ഖാർഖെയുടെ പ്രതികരണം. കർഷകർക്കും ജനങ്ങൾക്കും ഉണ്ടായ നഷ്ടം ആര് ഏറ്റെടുക്കുമെന്നും ഖാർഖെ ചോദിച്ചു.

സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയമെന്ന് മമത ബാനർജി പ്രതികരിച്ചു. ഇത് കർഷകരുടെ വിജയമാണ്. ബിജെപിയുടെ ക്രൂരമായ പെരുമാറ്റത്തിലും സന്ധിയില്ലാതെ പോരാടിയ കർഷകർക്ക് അഭിനന്ദനമെന്ന് മമത ബാനർജി പ്രതികരിച്ചു.

കർഷകരുടേത് വൻ വിജയമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. കർഷകരെ അഭിനന്ദിച്ച അദ്ദേഹം, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും പറഞ്ഞു.

 

ബിജെപിയുടെയും മോദിയുടെയും പതനത്തിന്റെ തുടക്കമെന്നാണ് സിപിഎം പ്രതികരണം. ഏകാധിപത്യം വിജയിക്കില്ലെന്ന പാഠം മോദി സർക്കാരിനെ കർഷകർ പഠിപ്പിച്ചുവെന്നും സി പി എം പ്രതികരിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത സിപിഐ നേതാവ് ആനി രാജ, പക്ഷേ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ എന്ന സംശയവും പ്രകടിപ്പിച്ചു.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി

കർഷകരുടെ ഒരു വർഷം നീണ്ട സമരത്തിന് പിന്നാലെയാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗുരുനാനാക്ക് ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനമുണ്ടായത്. തീരുമാനത്തെ സ്വാഗതം ചെയ്ത കർഷക സംഘടനകൾ പാർലമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചെങ്കിലും നിയമങ്ങൾ പാർലമെന്റ് വഴി തന്നെ പിൻവലിക്കുന്നത് വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചത്.