- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത അധ്യയന വർഷം 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകൾ ലക്ഷ്യം; 14 ജില്ലകളിൽ ഓരോ മോഡൽ സ്‌കൂൾ എന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തോടെ പ്രീപ്രൈമറി മേഖലയിൽ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകൾ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി.എസ്. ആൻഡ് നഴ്സറിയിൽ രക്ഷാകർത്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ശിക്ഷ കേരളത്തിന്റെ 'താലോലം' പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിൽ ഓരോ മോഡൽ സ്‌കൂൾ എന്ന ലക്ഷ്യം പൂർത്തീകരിച്ചു കഴിഞ്ഞു.
ഈ വർഷവും ഒരു ജില്ലയിൽ രണ്ട് മോഡൽ സ്‌കൂളുകൾ മാതൃകയിൽ 28 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് പരിശ്രമം. സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ടിനൊപ്പം വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തണം. ആക്ടിവിറ്റി കോർണറുകൾ, കളി ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ ഒരുക്കി കുട്ടികളുടെ ശാരീരികവും മാനസികവുമായ സമഗ്ര വികാസമാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രീ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ആരംഭിച്ച പദ്ധതിയാണ് 'താലോലം'. ഒരു ജില്ലയിൽ ഒരു സ്‌കൂളിനെ മോഡൽ സ്‌കൂൾ ആക്കുക എന്ന നിലയിലായിരുന്നു പ്രവർത്തനം. 'താലോലം ' പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ. പി. എസ്. ആൻഡ് നഴ്സറിയിൽ ഉണ്ടായ മാറ്റങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ അക്കാദമിക രംഗം കേന്ദ്രീകരിച്ച് 7 ഏരിയകളിൽ ആയി പ്രവർത്തന കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അഭിനയ മൂല, സംഗീത മൂല,നിർമ്മാണ മൂല, വര മൂല, വായനാമൂല, ഗണിത മൂല, ശാസ്ത്ര മൂല എന്നിങ്ങനെയാണ് ഏരിയകൾ. പ്രീപ്രൈമറി രംഗം ശക്തിപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളർച്ചയ്ക്ക് വഴിയൊരുക്കും എന്ന് മന്ത്രി വ്യക്തമാക്കി. കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് നിലവിൽ ഉണ്ടാക്കിയ നേട്ടങ്ങളെ ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ. ടി. ഡയറക്ടർ ഡോ. ജെ.പ്രസാദ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, തിരുവനന്തപുരം നഗരസഭാ കൗൺസിലർ മാധവദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ