മലപ്പുറം: ചങ്കുവെട്ടിയിൽ, വിവാഹ മോചനത്തിനായി മുത്തലാക്ക് ചൊല്ലാൻ വേണ്ടി നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച സംഭവത്തിൽ ഭാര്യയുടെ പരാതി. തനിക്കെതിരെ പരപുരുഷ ബന്ധം ഭർത്താവ് ആരോപിച്ചത് കൂടാതെ പ്രകൃതി വിരുദ്ധ പീഡനത്തിനും നിർബന്ധിച്ചു. ഇതിന് പുറമേ
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും ഭർതൃസഹോദരിയും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ബന്ധുക്കളുടെ മർദനത്തിൽ നവവരന്റെ ജനനേന്ദ്രിയത്തിനടക്കം പരുക്കേറ്റിരുന്നു. കോട്ടയ്ക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വരനെതിരെ പീഡനം ആരോപിച്ച് ഭാര്യ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് പരാതി നൽകിയത്.

ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെതിരെ (30) ആണ് ഭാര്യ പരാതി നൽകിയത്. ഈ മാസം 15നാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. കേസിൽ ഭാര്യാപിതാവടക്കം ആറുപേരെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടയ്ക്കലിൽ ചികിത്സയിലാണ്.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനെ ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. വഴങ്ങാത്തതിനെ തുടർന്നാണ് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

ഒന്നര മാസം മുമ്പാണ് അബ്ദുൾ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അബ്ദുൾ അസീബ് പറഞ്ഞു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്. കോട്ടക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് ഭാര്യയുടെ ബന്ധുക്കൾ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.