- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷയുടേയും ഇവാനയുടേയും ചികിത്സയ്ക്ക് വേണ്ടത് ഒരു കോടി 30 ലക്ഷം; സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ ബസുകൾ കുതിച്ചപ്പോൾ ഒറ്റദിവസം ലഭിച്ചത് ആറര ലക്ഷം
കാളികാവ്: സുമനസ്സുകളുടെ സഹായം തേടുകയാണ് കരുവാരക്കുണ്ടിലെ സ്വകാര്യ ബസ് ഡ്രൈവർ ചീരത്തടത്തിൽ നജ്മുദ്ദീന്റെ മക്കളായ ഇഷാ നൗറിനും (11), ഒന്നരവയസ്സുകാരി ഇവാനയും. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ സഹോദരിമാരുടെ ജീവൻ രക്ഷിക്കണമെങ്കിൽ ഒരു കോടി 30 ലക്ഷം രൂപവേണം. ഇഷയുടെ വൃക്കയും കരളും മാറ്റിവെക്കണം. ഇവാനയുടെയും കരൾ മാറ്റിവെക്കണം.
സഹപ്രവർത്തകന്റെ മക്കളുടെ ജീവൻ രക്ഷിക്കാൻ ഇന്നലെ എട്ടു ബസുകൾ കുതിച്ചപ്പോൾ ആറര ലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. എന്നാൽ ഈ തുക ഒന്നിനും തികയില്ല. എങ്ങനെ എങ്കിലും ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് വീട്ടുകാരും നാട്ടുകാരും. കാളികാവ് -കരുവാരക്കുണ്ട് റൂട്ടിൽ ഓടുന്ന എട്ടു ബസുകളാണ് പതിവ് മത്സരയോട്ടം മാറ്റിവെച്ച് കുട്ടികളുടെ ജീവന് വേണ്ടി കാരുണ്യവഴിയിൽ കുതിച്ചത്. ഒരുദിവസത്തെ കളക്ഷൻ മുഴുവൻ കുട്ടികൾക്കായി മാറ്റിവെച്ചു.
ടിക്കറ്റുകൾ മാറ്റിവെച്ചു കണ്ടക്ടർമാരും ചികിത്സാ സഹായസമിതി ഭാരവാഹികളും യാത്രക്കാർക്കു മുന്നിലേക്ക് ബക്കറ്റു നീട്ടി. പലരും കൈയിലുള്ളതെല്ലാം നൽകി. കൈയിൽ പണം കരുതാത്തവർ ഓൺലൈനായയച്ചു. വൈകീട്ടായപ്പോൾ സംഭാവന 6,43,472 രൂപയായി. കുട്ടികളുടെ പിതാവായ നജ്മുദ്ദീൻ ഓടിക്കുന്ന ബിസ്മില്ല ബസിൽനിന്നാണ് കൂടുതൽ പണംകിട്ടിയത്. 1,46,700 രൂപ. സൂപ്പർ ജെറ്റ് 1,39,879, കുരിക്കൾ 88,450, സേഫ്റ്റി 86,333, തസ്‌നീം 69,700, മക്ക 44,430, എയ്ഞ്ചൽ 34,600, യാത്ര 33,660 എന്നിങ്ങനെയാണ് മറ്റു ബസുകളിൽനിന്നു കിട്ടിയത്.
ധനശേഖരണത്തിന് കരുവാരക്കുണ്ട് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് നവാസ് പൂവിൽ, സെക്രട്ടറി ഷഫീഖ് പുഴയ്ക്കൽ, സുരേഷ് കുമാർ തുവ്വൂർ, സത്താർ തുവ്വൂർ, ശ്രീജീൻ കിളിക്കുന്ന്, റയീസ് കിളിക്കുന്ന്, ബസ് ഓണേഴ്സ് യൂണിറ്റ് പ്രസിഡന്റ് റൗഫ് കരുവാരക്കുണ്ട് തുടങ്ങിയവർ നേതൃത്വംനൽകി. കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഫെറൽ ബാങ്ക് കരുവാരക്കുണ്ട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16300200002471, ഐ.എഫ്.എസ്.സി. FDRL0001630.
മറുനാടന് മലയാളി ബ്യൂറോ