ന്യുയോർക്ക് : സ്‌കൂൾ കെമിസ്ട്രി ലാബിൽ പരീക്ഷണം നടത്തുന്നതിനിടയിൽ പൊള്ളലേറ്റ വിദ്യാർത്ഥിക്ക് 29 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് നവം:18 വ്യാഴാഴ്ച അപ്പീൽ കോർട്ട് വിധിച്ചു . ഇത്തരം കേസിൽ ന്യുയോർക്കിൽ ആദ്യമായാണ് 29 മില്യൺ നഷ്ടപരിഹാരം വിധിക്കുന്നത് .

2014 ൽ ബേക്കൺ ഹൈസ്‌കൂൾ വിദ്യാർത്ഥി അലോൻസോ യേനസിനാണ് ക്ലാസിൽ 'റെയിൻബോ' പരീക്ഷണം നടത്തുന്നതിനിടയിൽ പൊള്ളലേറ്റത് . 16 വയസ്സ് പ്രായമുണ്ടായിരുന്ന അലോൻസോയുടെ ശരീരത്തിൽ 30 ശതമാനമാണ് പൊള്ളലേറ്റത് .

പെട്ടെന്ന് തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കൽസിനെ റെയിൻബോ കളറിൽ പ്രദർശിപ്പിക്കുന്നതിന് ഉപയോഗിച്ചത് .

തീപൊള്ളലേറ്റ വിദ്യാർത്ഥി സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിനെയും , സ്‌കൂൾ അദ്ധ്യാപിക അന്നാ പൂളിനെയുമാണ് നഷ്ടപരിഹാരകേസിൽ പ്രതി ചേർത്തത് .

അറുപതു മില്യൺ ഡോളറാണ് നഷ്ടപരിഹാരം നൽകാൻ ജൂറി വിധിച്ചതെങ്കിലും അപ്പീൽസ് കോർട്ട് തുക 29 മില്യണാക്കി കുറയ്ക്കുകയായിരുന്നു .

അലോൻസോ അനുഭവിച്ച വേദനക്ക് നഷ്ടപരിഹാരമായി 12 മില്യനും , ഭാവി ജീവിതം സുഗമമായി നയിക്കുന്നതിന് 17 മില്യൺ ഡോളറുമാണ് കോടതി വിധിച്ചിരിക്കുന്നത് .

സ്‌കൂൾ ലാബിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ പാലിക്കപ്പെടേണ്ട നിയമങ്ങൾ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് . ഇത്തരം പരീക്ഷണങ്ങൾ സിറ്റി സ്‌കൂളുകളിൽ നിരോധിച്ചു കൊണ്ട് ലോ ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്