ദോഹ : നാം കരുത്തരാവുക, കരുതലാവുക ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ മികവ് തെളിയിച്ച യുവ പ്രതിഭകൾക്കായി യൂത്ത്‌ഫോറം ഖത്തർ ഏർപ്പെടുത്തിയ യൂത്ത്എക്‌സലൻസ് അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവിന് ഡോക്ടർ രസ്‌ന നിഷാദ് , കരിയർ മേഖലയിലെ മികവിന് ജസീം മുഹമ്മദ് എന്നിവർ അവാർഡിന് അർഹരായി. കരിയർ മേഖലയിലെ സേവനങ്ങൾക്ക് ഫിറോസ് പി.ടി, ബസ്സാം കെ.എ എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിനിയായ രസ്‌ന നിഷാദ് കണ്ണൂർ സർവകലാശാലയിൽ നിന്നും ബയോടെക്‌നോളജിയിൽ ബിരുദം നേടുകയും കോഴിക്കോട് എൻ.ഐ.ടി യിൽ ജൂനിയർ റിസർച് ഫെല്ലോ ആയി ഗവേഷണം തുടങ്ങുകയും ചെയ്തു. തുടർന്ന് പ്രവാസിയായിരിക്കെ ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നു ബയോളജിക്കൽ ആൻഡ് എൻവയോണ്മെന്റൽ സയൻസിൽ പി.എച്.ഡി കരസ്ഥമാക്കി. ഖത്തർ സർവകലാശാലയിൽ നിന്ന് വിശിഷ്ട വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡൽ നേടിയ രസ്‌ന ഖത്തറിലെ ഈത്തപ്പഴ തോപ്പുകളിലെ ഫങ്കസുകളെ കണ്ടെത്തുകയും അതിനുള്ള പ്രതിവിധി നിർദ്ദേശിച്ചതിന് അനുമോദനം നേടുകയും ചെയ്തു. വിവാഹവും കുടുംബവും പ്രവാസവും എല്ലാം സ്ത്രീ വിദ്യാഭ്യാസത്തിന് വിലങ്ങു തടിയാവുന്ന കാലത്തു ഡോക്ടർ രസ്‌ന നിഷാദ് ഒരു മാതൃക ആണെന്ന് ജൂറി വിലയിരുത്തി.
മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ആയ ജസീം മുഹമ്മദ് എം.ബി.എ, ബി.ടെക്, ബി.ബി.എ ബിരുദദാരിയാണ്. 2014 - 2015 വർഷത്തിൽ ഖത്തർ ഗ്രീൻ ബിൽഡിങ് കൗണ്‌സിൽ അംഗമായിരുന്നു. ക്യു.ഐ.ബി.സി ക്ക് കീഴിലുള്ള തിരഞ്ഞെടുത്ത ബിസിനസുകർക്കുള്ള പ്രോഗ്രാമിലേക്ക് അയ്യായിരത്തിൽ പരം അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാൽപ്പത് പേരിൽ ഏക മലയാളി ആയിരുന്നു ജസീം മുഹമ്മദ്. ഇന്ത്യൻ കമ്യൂണിറ്റികളിൽ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകൾ നടത്തുന്നുണ്ട് ജസീം മുഹമ്മദ്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി ആയ ഫിറോസ് പിടി സിജി കരിയർ വിങ് കോർഡിനേറ്റർ ആയും കരിയർ റിസോർസ് പേഴ്‌സൻ ആയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിരവധി വാർത്താ മാധ്യമങ്ങളിൽ കരിയർ കോളങ്ങളിൽ നിറ സാന്നിധ്യമാണ് ഫിറോസ് പിടി. മലപ്പുറം ജില്ലയിൽ വളാഞ്ചേരി സ്വദേശി ആയ ബസ്സാം ധാർമ്മിക പലിശ രഹിത നിക്ഷേപങ്ങളെ കുറിച്ചു പഠനങ്ങൾ നടത്തുകയും സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പൊതു ജനങ്ങൾക്ക് അവബോധം നൽകാനുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നു. എത്തിക്കൽ ഇന്വെസ്റ്റേഴ്സ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബസ്സാം.

വിജയികൾക്ക് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കേരള പ്രസിഡന്റ് നഹാസ് മാള, യൂത്ത്‌ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ് മുസ്തഫ, സിഐ.സി പ്രസിഡന്റ് കെ.ടി അബ്ദുറഹ്‌മാൻ, വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി എന്നിവർ പുരസ്‌കാരം സമർപ്പിച്ചു.