തിരുവനന്തപുരം: ജനവിരുദ്ധ കോർപ്പറേറ്റ് താൽപര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി മോദി സർക്കാർ ചുട്ടെടുത്ത് കാർഷിക വിരുദ്ധ നിയമങ്ങൾ ഒന്നരവർഷത്തോളം നീണ്ട കരുത്തുറ്റ ജനാധിപത്യ പോരാട്ടങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ വിറ്റു തുലച്ചും സമരം ചെയ്യുന്ന കർഷകരെ രക്തത്തിൽ മുക്കി കൊന്നും കേന്ദ്രസർക്കാർ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർത്തിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ നിലയ്ക്കാത്ത ജനാധിപത്യ പോരാട്ടങ്ങൾ തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമ്പോൾ മാത്രമാണ് രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. വരാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി മോദിയുടെ പ്രഖ്യാപനം മാറാതിരിക്കാൻ ജനാധിപത്യ സമൂഹം ജാഗ്രത്തായ നിലകൊള്ളണം. ഏകാധിപത്യ രീതിയിലൂടെ ജനദ്രോഹ നിയമങ്ങളുടെ നിർമ്മാണത്തിന് ശ്രമിക്കുന്ന കേന്ദ്രസർക്കാറിനെതിരെ കൂടുതൽ ശക്തമായ ജനകീയ പോരാട്ടങ്ങളുമായി ജനാധിപത്യ വിശ്വാസികൾ നിലയുറപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു