ദോഹ : ജീവിതത്തിലും കരിയറിലും വിജയം യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ മുന്നൊരുക്കവും വ്യവസ്ഥാപിതമായ പ്രവർത്തനവും അനിവാര്യമാണെന്നും ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര അഭിപ്രായപ്പെട്ടു. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്ഥിതി മാറ്റിയും ക്രിയാത്മകമായ ശീലങ്ങൾ പിന്തുടർന്നും സ്ഥിരോൽസാഹം പതിവാക്കിയുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടത്. പാഠ്യ പാഠ്യേതര രംഗങ്ങളിലൊക്കെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ ജീവിതം കൂടുതൽ ഉന്മേഷകരമാക്കാനാകും. ഈ ഉന്മേഷവും ആവേശവും കെടാതെ സൂക്ഷിക്കുമ്പോഴാണ് വിജയം സംഭവിക്കുന്നത്.

ടി.സി.വൺ ബിൽഡേർസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.സി. അഹ്‌മദ് പുസ്‌കത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിതത്തിൽ പ്രചോദനങ്ങളുടെ പങ്ക് പ്രധാനമാണെന്നും യുവ സമൂഹത്തെ പ്രചോദിപ്പിക്കുവാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഐ.ടി.കെ. ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ അഷ്‌റഫ് ഐ.ടി.കെ, സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ സദഖത്തുല്ല എന്നിവർ സംബന്ധിച്ചു.ജൗഹറലി തങ്കയത്തിൽ പരിപാടി നിയന്ത്രിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്‌ളിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. കോപ്പികൾക്ക് 9544410005 എന്ന നമ്പറിൽ ബന്ധപ്പെടാം.