അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളുടെ മാല മോഷ്ടിച്ച മധുര തിരുമംഗലം സ്വദേശികളായ നാല് യുവതികൾ അറസ്റ്റിൽ. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. തമിഴ്‌നാട് മധുര ജില്ലയിൽ തിരുമംഗലം സ്വദേശികളായ സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്.

തിക്കും തിരക്കുമുണ്ടാക്കിയായിരുന്നു ഇവർ മോഷണം നടത്തിയത്. മാല മോഷ്ടിക്കുന്നതിനിടെ ശ്രദ്ധ തിരിക്കുന്നതിനായി ഇവർ ബഹളമുണ്ടാക്കുകയും ചെയ്തു. മാല നഷ്ടപ്പെട്ടവർ ഒച്ചവെച്ചതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്നവർ ഇവരെ പരിശോധിച്ചത്.

പരിശോധനയിൽ ഇവരിൽ നിന്നും നിരവധി സ്വർണമാലകൾ കണ്ടെടുത്തു. അതേസമയം, കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.