പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടിൽ അപരിചിതൽ അതിക്രമിച്ച് കയറി. ഇന്ന് പുലർച്ചെയോടെയാണ് അപരിചിതൻ വീട്ടിൽ അതിക്രമിച്ച് കയറിയത്. സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലാണ് അപരിചിതൻ അതിക്രമിച്ചു കയറിയത്. പാലക്കാട് സഞ്ജിത്ത് വധക്കേസിന് പിന്നാലെ സന്ദീപിനെതിരെയും എസ്ഡിപിഐ വധഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. സന്ദീപ് വാര്യരുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഐ എസ് ഫ്രാക്ഷനാണെന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു.

സഞ്ജിത്തിന്റെ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കേരളാ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കൾ ഗവർണ്ണറെ കണ്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരിട്ടു കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.