പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകക്കേസ് അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സുരേഷ് ഗോപി എംപി. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഗോപി സഞ്ജിത്തിന്റെ പാലക്കാടുള്ള വീട്ടിലെത്തിയത്. സഞ്ജിത്തിന്റെ ഭാര്യയെയും അടുത്ത കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയത് ആര് എന്ന ചോദ്യത്തിന് സംസ്ഥാന സർക്കാരും പൊലീസും ആഭ്യന്തര വകുപ്പും ഉത്തരം നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ സാമൂഹിക നീതി ഉറപ്പാക്കണം. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ നമുക്ക് നോക്കാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട പാതകളിൽ നിരീക്ഷണം ഇല്ല. പൊലീസിന് വിവരം ലഭിച്ചപ്പോൾ ആരൊക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നോ അവരെല്ലാം ഇതിന് ഉത്തരം പറയണം. സമൂഹത്തിൽ നീതി ഉറപ്പാക്കുകയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കുകയുമാണ് വേണ്ടത്.

സാമൂഹിക അനീതിയാണ് ഇത്തരത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരേയും മനുഷ്യൻ എന്ന നിലയ്ക്ക് കണ്ടാൽ മതിയെന്നും അതിൽ രാഷ്ട്രീയമോ ജാതിയോ വർഗമോ വിഭാഗമോ ഒന്നും വേർതിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കൊലപാതകം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും കൊലപാതകികൾ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം മാത്രമാണ് പൊലീസിന് തിരിച്ചറിയാനായത്. എന്നാൽ വാഹനം കണ്ടെത്താനോ കൊലപാതകികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭ്യമാക്കാനോ സാധിച്ചിട്ടില്ല. എവിടെ നിന്നുള്ളവരാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിയാൻ പോലും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കൊലപാതകം നടക്കുമ്പോൾ സ്ഥലത്ത് ഒരു സിവിൽ പൊലീസ് ഓഫിസർ ഉണ്ടായിരുന്നു. ആ നിമിഷം പൊലീസ് വിവരം അറിഞ്ഞതാണ്. എന്നിട്ടും ദേശീയപാതയിൽ വാഹന പരിശോധനയ്ക്കു പൊലീസ് തയാറായില്ല. സിസിടിവികൾ ഉണ്ടായിട്ടും ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തി. കൊലപാതകം നടന്നു 5 ദിവസം കഴിഞ്ഞാണ് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത്. എസ്ഡിപിഐ എന്ന പേരു പറയാൻ പോലും പൊലീസിന് പേടിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.