പട്ന: ബിഹാറിലെ നളന്ദയിൽ പരാഹോ ഗ്രാമത്തിൽ വെച്ച് യുവാവിനെ ബന്ദിയാക്കി തോക്കിൻ മുനയിൽനിർത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി. ധനൂകി സ്വദേശിയായ നിതീഷ്‌കുമാറാണ് തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ വിവാഹത്തിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്രകുമാർ അറിയിച്ചു.

നളന്ദയിലെ പരാഹോ ഗ്രാമത്തിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. നവംബർ 11-ന് സഹോദരഭാര്യയുടെ വീട്ടിൽ ഛാഠ് പൂജയ്ക്കായി പോയതായിരുന്നു നിതീഷ്‌കുമാർ. ഇവിടെനിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ആയുധങ്ങളുമായെത്തിയ ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയെന്നും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നുമാണ് യുവാവിന്റെ പരാതി.

എതിർക്കാൻശ്രമിച്ചപ്പോൾ മർദിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അന്നേദിവസം രാത്രി മുഴുവൻ ഗ്രാമത്തിൽ ബന്ദിയാക്കിയെന്നും യുവാവ് പറയുന്നു. കഴിഞ്ഞദിവസമാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അതിനിടെ, സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മർദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തി വിവാഹച്ചടങ്ങുകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ഇതിലുണ്ട്. വധുവായ യുവതിയെയും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെയും ദൃശ്യങ്ങളിൽകാണാം.