തിരുവല്ല: ജാമ്യം നിൽക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒപ്പിടുവിച്ച് സ്വന്തം പാർട്ടിക്കാരുടെ പേരിൽ ലോണെടുത്ത് സിപിഎം ലോക്കൽ കമ്മറ്റിയംഗമായ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിന്റെ തട്ടിപ്പ്. കുറ്റൂർ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമായ കെ.ഓ. സാബുവാണ് തട്ടിപ്പുകാരൻ. സംസ്ഥാന സഹകരണ രജിസ്ട്രാർ ജനറലിനും സഹകരണ വിജിലൻസ് വിഭാഗത്തിനും പരാതി പോകുമെന്ന് വന്നതോടെ സിപിഎം നേതൃത്വം ഇടപെട്ട് പണം തിരികെ അടയ്ക്കാൻ ഒരു മാസം സാവകാശം അനുവദിച്ചു.

പാർട്ടി സമ്മേളനം നടക്കുന്ന കാലത്ത് ഇത്തരമൊരു തട്ടിപ്പ് വെളിയിൽ വന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓർത്താണ് പാർട്ടി നേതൃത്വം മൂടി വയ്ക്കാൻ ശ്രമിച്ചത്. എന്നാൽ, സമീപകാലത്ത് ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന നേതാവ് വിവരം വെളിയിൽ വിട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പണ്ട് യുവമോർച്ചാ നേതാവായും പിന്നീട് സിപിഎം നേതാവായും അവതാരം കൊണ്ട സിബി സാം തോട്ടത്തിലാണ് പാർട്ടിയെ വെട്ടിലാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങും തൊടാതെ തട്ടിപ്പ് വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്.

മുൻപും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളയാളാണ് സാബു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സിബി സാം തോട്ടത്തിലിനെ കാലുവാരി തോൽപ്പിച്ചത് സാബുവാണെന്ന് പറയുന്നു. ഈ ചൊരുക്ക് കാരണമാണ് തട്ടിപ്പ് വിവരം സിബി പുറത്തു വിട്ടത്. ആകെ വെട്ടിലായ പാർട്ടി നേതൃത്വം പണം തിരിച്ചടച്ചോളാൻ സാബുവിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
പാർട്ടിയുടെ സജീവ പ്രവർത്തകരെയാണ് ഇയാൾ വെട്ടിലാക്കിയത്.

തനിക്ക് ഒരു ലോണിന് ജാമ്യം നിൽക്കാൻ വിളിച്ചു വരുത്തിയ സഹകാരികളെയാണ് ഇയാൾ ചതിച്ചത്. ജാമ്യം നിൽക്കുകയാണെന്ന് അവരോട് പറഞ്ഞെങ്കിലും തങ്ങളുടെ പേരിലാണ് വായ്പയെന്ന് ബാങ്കിൽ നിന്ന് കുടിശിക നോട്ടീസ് ചെന്നപ്പോഴാണ് മനസിലായത്. നോട്ടീസ് കിട്ടിയവർ ഓടി ബാങ്കിൽ ചെന്നപ്പോഴാണ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ സാബു ചെയ്ത കൊലച്ചതി മനസിലായത്. ഇരുപതു വർഷമായി ബാങ്കിൽ ബോർഡ് അംഗമാണ് സാബു. സിപിഎം പ്രവർത്തകനെ ജാമ്യം നിൽക്കാൻ വിളിച്ചു വരുത്തി അയാളുടെ പേരിൽ വായ്പ എടുക്കുകയും ഒരു അദ്ധ്യാപികയെ ജാമ്യം നിർത്തുകയുമാണ് ചെയ്തത്. നാലു ലക്ഷം രൂപയാണ് വായ്പ എടുത്തതെന്ന് പറയുന്നു.

തട്ടിപ്പിന് ഇരയായവർ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വന്നതോടെ പാർട്ടി ഇടപെട്ടു. ഒരു മാസത്തിനകം പണം തിരിടെ അടയ്ക്കാൻ സാബുവിന് സാവകാശം നൽകി. ഇതിനോടകം പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് ഇരകളും ഉറപ്പു നൽകിയിരിക്കുകയാണ്. തൽക്കാലം സിപിഎമ്മിന് ആശ്വസിക്കാമെങ്കിലും സാബു പണം തിരികെ അടച്ചില്ലെങ്കിൽ പാർട്ടിക്കെതിരായി സിബി സാം അടക്കമുള്ളവർ രംഗത്തിറങ്ങും.ഇതിനുള്ള സൂചനയെന്നോണമാണ് സിബിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം വിശാഖ് കുമാർ മാനേജരായ ബാങ്കിൽ ആണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇവർ ആരുമറിയാതെ തട്ടിപ്പ് നടക്കില്ലെന്നാണ് പറയപ്പെടുന്നത്. സിപിഎം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമാണ് സാബു. 2018 ലാണ് തട്ടിപ്പിന് ആധാരമായ സംഭവം നടന്നിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് നേരിട്ട് സംഘടന ചുമതലയുള്ള ലോക്കൽ കമ്മറ്റിയാണ് കുറ്റൂരിലേത്. ഉദയഭാനു മുൻകൈയെടുത്ത് പാർട്ടിയിലെടുത്ത സിബി സാമാണ് ഇപ്പോൾ പാർട്ടിക്ക് പാരയായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.