ന്യൂഡൽഹി: കാർഷിക നിയമം പിൻവലിച്ചതുകൊണ്ടോ മാപ്പുപറഞ്ഞതുകൊണ്ടോ മാത്രം കാര്യമില്ലെന്നും കാർഷിക ബില്ലിനെതിരെ നടന്ന സമരത്തിനിടെ ജീവൻ വെടിഞ്ഞ കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടൻ പ്രകാശ് രാജ്.

തെലങ്കാന മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ- നഗര വികസന വകുപ്പ് മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് പ്രകാശ് രാജ് ഈ ആവശ്യമുന്നയിച്ചത്. ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്ക് തെലങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

വിഷയത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി. രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രകാശ് രാജ് പ്രധാനമന്ത്രി മാപ്പുപറയുകയല്ല വേണ്ടതെന്ന് അഭിപ്രായപ്പെട്ടത്.

കൊല്ലപ്പെട്ട ഓരോ കർഷകർക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും അവരുടെമേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും രാമറാവുവിന്റെ ട്വീറ്റിലുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടങ്ങിയ നാൾ മുതൽ കർഷകർക്കൊപ്പം നിലകൊണ്ട നടനാണ് പ്രകാശ് രാജ്.