തിരുപ്പതി: തിരുപ്പതിയിൽ നിന്ന് 14 കിലോമീറ്റർ അകലെ രാമചന്ദ്ര മണ്ഡലിലെ 'രായലച്ചെരുവ്' എന്നറിയപ്പെടുന്ന 500 വർഷം പഴക്കമുള്ള കൂറ്റൻ ജലസംഭരണി തകർന്നു. ടാങ്ക് ബണ്ടിൽ വിള്ളലുകൾ കണ്ടെത്തിയതോടെ സമീപത്തെ 16 ഗ്രാമങ്ങളിലെ ജനങ്ങൾ ഉടൻ ഒഴിഞ്ഞ് പോകണമെന്ന് ചിറ്റൂർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഞായറാഴ്ച വൈകുന്നേരമാണ് പൊതു മുന്നറിയിപ്പ് നൽകിയത്.

കനത്ത മഴയിൽ ഏറ്റവും പഴക്കമുള്ള ഭീമാകാരമായ ടാങ്കിൽ പൂർണ്ണ ശേഷിയിൽ ജലം നിറഞ്ഞതോടെ ചെറിയ വിള്ളലുകൾ വികസിക്കാൻ തുടങ്ങിയെന്നും അപകടാവസ്ഥയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്പെഷ്യൽ ഓഫീസർ പി.എസ്. പ്രദ്യുമ്ന, ചിറ്റൂർ ജില്ലാ കളക്ടർ എം.ഹരിനാരായണൻ, തിരുപ്പതി പൊലീസ് സൂപ്രണ്ട് സി.എച്ച്. വെങ്കട അപ്പല നായിഡു, റവന്യൂ, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ ടാങ്ക് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. വലിയ അപകടങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

മുൻകരുതൽ നടപടിയെന്ന നിലയിൽ ഗ്രാമവാസികൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഉടൻ ഗ്രാമങ്ങൾ ഒഴിഞ്ഞ് ഉയർന്ന പ്രദേശങ്ങളിലേക്കോ അടുത്തുള്ള എഞ്ചിനീയറിങ് കോളേജുകളിലേക്കോ മാറണമെന്നാണ് നിർദ്ദേശം.