കേന്ദ്രമന്ത്രിയാകും മുന്നേ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സ്മൃതി ഇറാനി. നിരവധി സീരിയലുകളിലൂടെ ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായിരുന്നു അവർ. പിന്നീട് വർഷങ്ങൾക്ക് ശേഷം 2014-ൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തോടെ അവരുടെ പേര് വീണ്ടും ചർച്ചകളിൽ ഉയർന്നുവന്നു.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നമ്മൾ കണ്ടത് സീരിയലുകളിൽ കണ്ടുപരിചയമുണ്ടായിരുന്ന സ്മൃതിയെ ആയിരുന്നില്ല. ശരീരഭാരം നന്നായി വർധിച്ച് സാരിയൊക്കെ വാരിചുറ്റി പൊതുചടങ്ങുകളിലെത്തുന്ന മന്ത്രിയെ ആയിരുന്നു. എന്നാൽ, അടുത്തിടെ കേന്ദ്രമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ചർച്ചയായിരിക്കുന്നത്. ശരീരഭാരം കുറച്ച് ഏറെ മാറ്റങ്ങളോടെയുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സ്മൃതി ഇറാനി ശരീരഭാരം നന്നായി കുറച്ചുവെന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.

ഒരു മരത്തിന്റെ പൂക്കളിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചത്. വളരെപ്പെട്ടെന്നാണ് ചിത്രം വൈറലായത്. ഇതുവരെ 77,000-ൽ പരം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ശരീരം ഭാരം നന്നായി കുറച്ചുവെന്നും ഡയറ്റിങ്ങിലാണോയെന്ന കമന്റുകളാണ് ചിത്രത്തിന് അധികവും ലഭിച്ചത്. കാണാൻ മനോഹരമായിരിക്കുന്നുവെന്ന് ബോളിവുഡ് നടി സോനം കപൂർ കമന്റു ചെയ്തു.