- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രസ്സൽസിൽ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത് 40,000 -ൽ അധികം ജനങ്ങൾ; വിയന്നയിലെ പ്രതിഷേധം അക്രമാസക്തം; ആംസ്റ്റർഡാമിലും ജനങ്ങൾ തെരുവിൽ; വാക്സിൻ എടുക്കാത്തവർക്ക് മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ജർമ്മനിയും; ലോക്ക്ഡൗൺ സാധ്യത പറഞ്ഞ് ഫ്രാൻസ്
കോവിഡ് വ്യാപനം കനക്കുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധവും ശക്തിപ്രാപിക്കുകയാണ് ഇന്നലെ ബെൽജിയത്തിൽ പതിനായിരങ്ങളായിരുന്നു തെരുവിൽ പ്രതിഷേധവുമായി എത്തിയത്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനമായഖ് ബ്രസൽസിൽ മാത്രം 40-000 പേരോളമാണ് കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വാക്സിൻ എടുക്കാത്തവറെ റെസ്റ്റോറന്റുകളിലും ബാറുകളീലും പ്രവേശിക്കുന്നത് തടയുന്ന നിയമത്തിനെതിരെയായിരുന്നു പ്രതിഷേധം.
ചില പ്രതിഷേധക്കാർ പൊലീസുകാർക്ക് നേരെ കുപ്പികളും കല്ലും എറിയാൻ തുടങ്ങിയതോടെ പൊലീസ് ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, എത്രപേരെ അറസ്റ്റ് ചെയ്തു എന്നുള്ളതിന്റെ കൃത്യമായ വിവര ഇപ്പോൾ ലഭ്യമല്ല, ചില പ്രതിഷേധക്കാർ റോഡിൽ തീയിടുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. സമീപത്തെ കടകളുടെ ചില്ലുകളും അക്രമികൾ തല്ലിത്തകർത്തു. രണ്ട് പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു.
ആസ്ട്രിയയുടെ മാതൃക പിന്തുടർന്ന് ജർമ്മനിയും പൊതുയിടങ്ങളിലെ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കും എന്ന് പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു ബ്രസൽസ്സിലെ പ്രതിഷേധം അരങ്ങേറിയത്. എന്നാൽ, കോവിഡിന്റെ നാലാം തരംഗം രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുന്ന ഘട്ടമെത്തിയിരിക്കുന്നു എന്നും അതിനാൽ ഇത്തരമൊരു നിയമം അനിവാര്യമാണെന്നുമാണ് ജർമ്മൻ സർക്കാർ പറയുന്നത്. ഇന്നലെ ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ഇറ്റലി, നോർത്തേൺ അയർലൻഡ്, എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു.
യൂറോപ്യൻ ഭൂഖണ്ഡം വീണ്ടും കോവിഡിന്റെ എപിസെന്ററായി മാറിയിരിക്കുകയാണ് ആഗോളാടിസ്ഥാനത്തിൽ തന്നെ യൂറോപ്പിൽ മാത്രമാണ് രോഗവ്യാപനതോതും മരണനിരക്കും ക്രമമായി ഉയർന്ന് വരുന്നതെന്ന് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. അതേസമയം ഫ്രാൻസിൽ ഇത് കോവിഡിന്റെ അഞ്ചാം തരംഗമാണ്. ബെൽജിയത്തിൽ കഴിഞ്ഞ ഞായറാഴ്‌ച്ച 13,836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് റെസ്റ്റോറന്റുകളിലും മറ്റും വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം നിഷേധിക്കുന്ന നിയമം കൊണ്ടുവന്നത്.
മാത്രമല്ല, നൈറ്റ്ക്ലബ്ബുകളിലും മറ്റും മാസ്‌ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. നൈറ്റ്ക്ലബ്ബുകളിൽ മാസ്‌ക് ഇല്ലാതെ നൃത്തമാടണമെങ്കിൽ പരിശോധന നടത്തി കോവിഡില്ലെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ അത് സാധ്യമാകു.അതുപോലെ മിക്കവരും ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ആഴ്‌ച്ചയിൽ കുറഞ്ഞത് നാലു ദിവസമെങ്കിലും വർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചുകഴിഞ്ഞു.
അതേസമയം, ഫ്രാൻസിൽ കൊവിഡിന്റെ അഞ്ചാം തരംഗം പിടിമുറുക്കുകയാണ്. ഓരോ ആഴ്‌ച്ചയിലും വ്യാപനതോത് ഇരട്ടിയോളമായാണ് വർദ്ധിക്കുന്നത്. അതുപോലെ 70 ശതമനം വാക്സിനേഷൻ പൂർത്തിയാക്കിയ ജർമ്മനിയിലും രോഗവ്യാപനം കനക്കുകയാണ്. വാക്സിൻ നിർബന്ധമാക്കുമെന്ന് ജർമ്മനിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യുണിക്കിൽ കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ ക്രിസ്ത്മസ്സ് വിപണി അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായി. പല ആശുപത്രികളിലും ഇന്റൻസീവ് കെയർ സംവിധാനങ്ങൾ പൂർണ്ണമായും ഉപയോഗിക്കുന്ന അവസ്ഥയിലാണ്.
അതേസമയം നെതർലാൻഡ്സിലും പ്രതിഷേധം ശക്തമാവുകയാണ്. ആംസ്റ്റർഡാമിലെ ഡാം ചത്വരത്തിലും അതുപോലെ ഹേഗിലും ഇന്നലെ പ്രതിഷേധം നടന്നു. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. ഇറ്റലിയിലും പ്രക്ഷോഭത്തിന് ശക്തി വർദ്ധിക്കുകയാണ്. നോർത്തേൺ അയർലൻഡിൽ ക്രിസ്ത്മസ്സ് വിപണിയിൽ പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയതോടെ അതിനു മുന്നിലും പ്രതിഷേധം അരങ്ങേറി.
മറുനാടന് മലയാളി ബ്യൂറോ