മുതുകുളം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തു വാടകയ്ക്കു താമസിച്ചുവന്ന കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ. മുഹമ്മദിന്റെ മകൻ അഷ്‌കറിനെ (അച്ചു-22)യാണു മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. അഷ്‌ക്കറിന്റെ മരണം എങ്ങനെ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹത്തിന്റെ കഴുത്തിന്റെഭാഗത്തു ചില പാടുകൾ ഉണ്ട്. കൂടാതെ ജനനേന്ദ്രിയത്തിന് സമീപം രക്തക്കറയും കണ്ടെത്തി. അതേസമയം എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അഷ്‌ക്കറിന്റെ ഭാര്യ മുതുകുളം ഒൻപതാം വാർഡ് കുറങ്ങാട്ടുചിറയിൽ മഞ്ജുവിനെയും അമ്മ വിജയമ്മയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആറുമാസം മുൻപാണ് അഷ്‌ക്കറും മഞ്ജുവും വിവാഹിതരായത്. എറണാകുളത്തുവച്ചാണു മഞ്ജുവും അഷ്‌കറും വിവാഹിതരായത്.

മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ഒരു മാസം മുൻപു സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം കുറച്ചുനാൾ എറണാകുളത്തായിരുന്ന ഇവർ മൂന്നുമാസം മുൻപാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് അഷ്‌കർ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തിൽ ജോലിചെയ്തു വരികെ ഇന്നലെയാണ് മരണം സംഭവിച്ചത്.

മഞ്ജുവും അമ്മയുമാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പൊലീസിനു നൽകിയ മൊഴി. അഷ്‌കറിനു പുകവലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും മൊഴി നൽകിയിട്ടുണ്ട്. വീടിനു പിൻവശത്തു വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മുറിയോടു ചേർന്ന് പുറത്താണു മൃതദേഹം കണ്ടത്.

അച്ഛൻ മുഹമ്മദ് അടക്കമുള്ള ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. മഞ്ജുവും അമ്മയും നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുമുണ്ട്. കനകക്കുന്ന് പൊലീസാണ് മേൽനടപടികൾ സ്വീകരിച്ചത്. സയന്റിഫിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കോവിഡ് പരിശോധനാഫലം വന്നശേഷം തിങ്കളാഴ്ചയേ മൃതദേഹ പരിശോധന നടത്തൂ. ഷിഫാനയാണു മരിച്ച അഷ്‌കറിന്റെ അമ്മ. സഹോദരങ്ങൾ: അജ്മൽ, ആദില, ആതിൽ.