മാറോടടക്കിപ്പിടിച്ച നവജാത ശിശുവുമായെത്തിയ ഒരു അമ്മയുൾപ്പടെ 200 അനധികൃത കുടിയേറ്റക്കാരാണ് ഇന്നലെ ചേരു ബോട്ടുകളിൽ കെന്റ് തീരത്തണഞ്ഞത്. ഡംഗ്‌നെസ്സിനു സമീപമുള്ള കടൽ തീരത്ത് മൂന്ന് ബോട്ടുകൾ അടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അവയിൽ ഓരോന്നിലും 60 ൽ അധികം അഭയാർത്ഥികളും ഉണ്ടായിരുന്നു. കടൽ തീരത്തുനിന്നും അവരെ അതിർത്തി സൈന്യം പിടികൂടി കൊണ്ടുപോവുകയായിരുന്നു. കുടുംബ സമേതം കടൽത്തീരത്ത് അല്പസമയം ചെലവഴിക്കാനെത്തിയ പോൾ ഫെന്നി എന്നയാളാണ് ഈ വീഡീയോ പകർത്തിയത്.

മൂന്ന് ആംബുലൻസുകളും മൂന്ന് ബസൂകളും ഏകദേശം നാല്പതോളം പൊലീസുകാരുമാണ് അഭയാർത്ഥികളെ പ്രത്യേക ക്യമ്പിലേക്ക് കൊണ്ടുപോകാൻ എത്തിയതെന്ന് ഫെന്നി പറഞ്ഞു. അതിൽ ഒരു ബസ്സിൽ അപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരുന്നു. 87 സീറ്റുകൾ ഉള്ള ബസ്സ് എന്നായിരുന്നു അതിനു പുറകിൽ എഴുതിയിരുന്നതെന്നും അയാൾ പറഞ്ഞു. തീരത്ത് മൂന്ന് ബോട്ടുകളും പൊലീസ് പിടിച്ചിട്ടിരുന്നതായും അയാൾ പറഞ്ഞു. അവരുടെ കൂട്ടത്തിൽ നവജാത ശിശുവുമായി എത്തിയ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി അയാൾ പറഞ്ഞു. അവരെ ശുശ്രൂഷിക്കുവാനായി പാരാമെഡിക്സും അവിടെ എത്തിയിരുന്നു.

ഒറ്റയ്ക്ക് എത്തിയത് എന്ന് സംശയിക്കാവുന്ന രീതിയിൽ മറ്റ് പത്ത് കുട്ടികളും ആ സംഘത്തിലുണ്ടായിരുന്നതായി ഫെന്നി വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. നവജാത ശിശുവുമായി എത്തിയ ഒരു സ്ത്രീ മാത്രമേ അക്കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളു.അനധികൃതമായി എത്തുന്നവരിൽ ചിലർ അവരുടേ ദേഹത്ത് ക്രിസ്തുവിന്റെ ചിത്രവും കുരിശും പച്ചകുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പുറകെയാണ് ഈ വീഡിയോയും പുറത്തുവന്നത്. തങ്ങൾ ക്രിസ്തുമത്തത്തിലേക്ക് മതപരിവർത്തനം നടത്തിയതിനാൽ ഇനി സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനാവില്ലെന്ന അവകാശവാദമാണ് അവർ ഉന്നയിക്കുന്നത്.

ഇത്തരത്തിൽ 20 ഓളം പേരെയാണ് ഇമിഗ്രേഷൻ അപ്പീൽ നൽകിയവരിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. ക്രിസ്തുമതം, നിരീശ്വരവാദം, സ്വവർഗ്ഗ രതി എന്നിവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും വാക്കുകളുമാണ് ഇവർ ദേഹത്ത് പച്ചകുത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളിലേക്ക് തിരികെ പോകാനാവില്ല എന്ന വാദത്തിന് കൂടുതൽശക്തി ലഭിക്കുന്നതിനായിട്ടാണ് ഇത് ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. ഇസ്ലാമിക വിശ്വാസം തിരസ്‌കരിച്ച തങ്ങളെ മാതൃരാജ്യത്തേക്ക് തിരിച്ചു ചെന്നാൽ വധശിക്ഷയ്ക്ക് വരെ വിധിക്കും എന്നാണ് അവർ വാദിക്കുന്നത്.

അതേസമയം, കുടിയേറ്റ വിഷയത്തിൽ കൂടുതൽ കർശന നിലപാടെടുക്കാൻ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ബോറിസ് ജോൺസനു മേൽ സമ്മർദ്ദമേറുകയാണ്. ഇന്നലെ ടെലെഗ്രാഫ് നടത്തിയ അഭിപ്രായ സർവ്വേയിൽ 77 ശതമാനം ടോറി വോട്ടർമാരും പറയുന്നത് ഈ വിഷയത്തിൽ സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നു എന്നാണ്. ഈ സമീപനം തുടർന്നാൽ, അത് വലതുപക്ഷക്കാർക്കിടയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് സ്ഥാനം പിടിക്കാൻ ഇടനൽകുമെന്ന് മുതിർന്ന നേതാക്കളും ബോറിസ് ജോൺസന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ഭാവിയിൽ പാർട്ടിക്ക് ദോഷകരമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ലിവർപൂളിൽ ബോംബ് ആക്രമണത്തിൽ മരണമടഞ്ഞ ചാവേർ ലിവർപൂൾ ആംഗ്ലിക്കൻ കത്തീഡ്രലിൽ വെച്ച് ക്രിസ്തുമതത്തിൽ ചേര്ന്നു എന്ന വാർത്തയെ ന്യായീകരിച്ചുകൊണ്ട് സഭ രംഗത്തെത്തി. ക്രിസ്ത്യൻ പ്രവർത്തകരായ മാൽക്കോമിനും എലിസബത്തിനുമൊപ്പം എട്ട് മാസത്തോളം താമസിച്ചതിനുശേഷമാണ് അയാൾ മതം മാറിയതെന്നും അതുകൊണ്ടു തന്നെ പുരോഹിതന് സംശയിക്കത്തക്ക ഒന്നും അക്കാര്യത്തിൽ ഉണ്ടായില്ലെന്നുമാണ് സഭ വിശദീകരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് പാർട്ടിക്ക് ഇപ്പോഴുള്ള ജനപിന്തുണ കുറയുവാൻ ഇടയാക്കുമെന്ന മുന്നറിയിപ്പുമായി നിരവധി മുതിർന്ന കൺസർവേറ്റീവ് പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ ഏകദേശം 24,700 പേരാണ് ചെറു ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയത്. 2020-ൽ എത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്. നവംബറിൽ മാത്രം ഇതുവരെ 5000 പേർ ഇങ്ങനെ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് കണക്ക്.