വാലിട്ടെഴുതിയ നീലക്കടക്കണ്ണുകളുടെ അഴകിനെ കുറിച്ച് നിരവധി മലയാളം കവികളും ഗാനരചയിതാക്കളും ധാരാളം എഴുതിയിട്ടുണ്ട്. ഇപ്പോൾ ഒരു പഠന റിപ്പോർട്ട് പറയുന്നത് സായിപ്പന്മാർക്കും ഇഷ്ടം നീലക്കണ്ണുകളുള്ള സുന്ദരിമാരേയാണ് എന്നാണ്. എന്നാൽ, സ്ത്രീകൾക്ക് ഏറേ ഇഷ്ടം പച്ചയും തവിട്ടും കലർന്ന കണ്ണുകൾ ഉള്ള പുർഷന്മാരേയാണ്. ബ്രിട്ടനിലെ പ്രമുഖ കോൺടാക്റ്റ് ലെൻസ് വിതരണക്കാരായ ലെൻസ്റ്റോർ നടത്തിയ ഒരു പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഒരു പുരുഷ മോഡലിന്റെയും ഒരു വനിതാ മോഡലിന്റെയും പ്രൊഫൈലുകൾ ബംബിൾ, ടിൻഡെർ, ഹിഞ്ച് എന്നിയവയി ഉണ്ടാക്കിയായിരുന്നു പഠനം നടത്തിയത്.

അതിൽ പ്രൊഫൈൽ പിക്ചറിലുള്ള കണ്ണുകളുടെ നിറം ഡിജിറ്റൽ സാങ്കേതികവിദ്യകൊണ്ട് മാറ്റിക്കൊണ്ടായിരുന്നു പഠനം നടത്തിയത്.ഓരോ നിറം മാറ്റുമ്പോഴും ആ നിറത്തിന് എത്ര മാച്ചുകൾ വന്നു എന്ന് കണക്കാക്കിയിരുന്നു. ഈ പഠനത്തിലുടനീളം കണ്ണുകളുടെ നിറമല്ലാതെ, പ്രൊഫൈലിലെ മറ്റൊരു വിവരവും മാറ്റിയിരുന്നില്ല.ഈ പഠനത്തിൽ തെളിഞ്ഞത്, ഇരുണ്ട പച്ച നിറവും തവിട്ടുനിറവും കൂടിക്കലർന്ന കണ്ണുകളുള്ള പുരുഷന്മാരെയാണ് കൂടുതൽ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു. അതുപോലെ പുരുഷന്മാർ ഏറെ ഇഷ്ടപ്പെട്ടത് നീലക്കണ്ണുകളുള്ള സ്ത്രീകളെയും.

ഈ നിറങ്ങൾ പ്രിയമേറിയതാവാനുള്ള കാരണങ്ങളെ കുറിച്ച് ഒരു വിദഗ്ദൻ ഫീമെയിൽ മാസികയുമായി സംസാരിച്ചിരുന്നു. കണ്ണുകളുടെ നിറത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആദികാലം തൊട്ടുതന്നെ ഇരുണ്ട കണ്ണുകളുള്ള പുരുഷന്മാരെയായിരുന്നു സ്ത്രീകൾക്ക് ഏറെ ഇഷ്ടമെന്ന് കാണാവുന്നതാണെന്നാണ് ഓഷ്യൻ റിക്കവറി സെന്ററിലെ മനോരോഗ വിദഗ്ദനായ അലക്സാണ്ടർ ലാപ പറയുന്നത്. നമ്മുടെ ഹോമോസാപ്പിയൻ പൂർവ്വികർ ആദ്യമായി പരിണമിച്ചെത്തുന്നത് ഇന്നത്തെ മദ്ധ്യ ആഫ്രിക്കയിൽ ഭൂമദ്ധ്യരേഖയ്ക്കടുത്തുനിന്നായിരുന്നു.

ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് എന്നുപറയുമ്പോൾ കണ്ണുകളിൽ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഏറെ നേരം യു വി രശ്മികളുമായി സമ്പർക്കം പുലർത്തുന്നത് അപകടകരമാണ്. അതിനാൽ, സാഹചര്യത്തിനൊത്ത് ജീവിക്കാൻ പ്രാകൃത്യാ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ, അപകടകരമായ രശ്മികളെ പരമാവധി ചെറുക്കുന്നതിനാണ് കണ്ണുകൾക്കും ത്വക്കിനും ഇരുണ്ട നിറം കൈവന്നത്. അതുകൊണ്ടു തന്നെ ഇരുണ്ട കണ്ണുകൾ ആരോഗ്യത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അതായിരിക്കാം സ്ത്രീകൾക്ക് ഈ നിറത്തിലുള്ള കണ്ണുകളുള്ളവരൊട് ഏറെ പ്രിയം തോന്നാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.

അതേസമയം തികച്ചും സാംസ്‌കാരികവും അതുപോലെ പൈതൃകമായി കൈമറിയെത്തിയ ധാരണകളുമാണ് പുരുഷന്മാർ നീലക്കണ്ണുകൾ ഇഷ്ടപ്പെടുവാൻ കാരണമായത്. സമൂഹത്തിലെ ഉന്നത കുലജാതകളുടെ ലക്ഷണമായി ചെമ്പൻ മുടിയും നീലക്കണ്ണുകളും മാറിയതും ഇത്തരത്തിലുള്ള ധാരണകൾ മൂലമാണ്. ഓരോ വ്യക്തിക്കും വ്യക്ത്യാധിഷ്ഠിതമായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകുമ്പോൾ പോലും സമൂഹത്തിന്റെ പൊതു ധാരണകളുമായി അതിനെ പൊരുത്തപ്പെടുത്താൻ നാം ഓരോരുത്തരും ശ്രമിക്കുന്നു. സമൂഹത്തിൽ നിന്നും വേറിട്ടൊരു നിലനിൽപ് ആഗ്രഹിക്കാത്തതിനാലാണത്.

സാധാരണയായി സ്വന്തം മാതാപിതാക്കളുടെയോ അല്ലെങ്കിൽ നമ്മുടെ തന്നെയോ കണ്ണുകളുടെ നിറത്തിനോട് സാമ്യമുള്ള നിറമുള്ളവരിലാണ് ആളുകൾ ആകർഷിക്കപ്പെടുക എന്ന് നേരത്തേയുള്ള ഒരു പഠനം വെളിപ്പെടുത്തിയതായി സെക്സ് ആൻഡ് റിലേഷൻഷിപ് വിദഗ്ദൻ നെസ്സ് കൂപ്പർ പറയുന്നു. ഇക്കാര്യത്തിൽ പരിമിതമായ ഗവേഷണങ്ങളെ നടന്നിട്ടുള്ളു എന്ന് സമ്മതിക്കുമ്പോഴും നമ്മളെ ശ്രദ്ധിക്കുകയും, നമ്മളുടെ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നവരുടെ കണ്ണുകളുടെ നിറത്തിനോട് സാമ്യമുള്ള നിറമുള്ള കണ്ണുകളുള്ളവരോട് നമുക്ക് പ്രത്യേക ആകർഷണം തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മളോട് സാമ്യതകൾ ഉള്ളവരിലോ അല്ലെങ്കിൽ നമ്മൾ വളരെയധികം സ്നേഹിക്കുന്നവരോട് സാമ്യതയുള്ളവരിലോ ഒരു പ്രത്യേക ആകർഷണം ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നാണ് മറ്റൊരു റിലേഷൻഷിപ് വിദഗ്ദനായ ക്രിസ് പ്ലീനിസ് പറയുന്നത്. നമുക്കെതിരെയുള്ള വ്യക്തിക്ക് നമ്മളോടോ അല്ലെങ്കിൽനമുക്ക് വേണ്ടപ്പെട്ടവരോടൊ ഏതെങ്കിലും തരത്തിലുള്ള സാമ്യത ദർശിക്കുമ്പോൾ ആകർഷണത്തിനു കാരണമാകുന്ന ഹോർമോൺ ഉത്തേജിപ്പിക്കപ്പെടുന്നു എന്ന് അദ്ദേഹം പറയുന്നു.

മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അത് ശരിയാണെന്ന് സമ്മതിക്കുമ്പോഴും കണ്ണുകളാണ് ഒരു വ്യക്തിയുടെ മനോവികാരങ്ങൾ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്നത് എന്നാണ് ക്രിസ് പറയുന്നത്. ആരെങ്കിലും നമ്മളോട് ലൈംഗിക ബന്ധത്തിന് ആഗ്രഹിക്കുന്നെങ്കിൽ പോലും അത് ആ വ്യക്തിയുടെ കണ്ണുകൾ നിരീക്ഷിച്ചാൽ അറിയാമത്രെ. ഒരു മനുഷ്യൻ സന്തോഷവാനാണോ, ദുഃഖിതനാണോ, ആത്മാർത്ഥയുള്ളവനാണോ, നുണ പറയുകയാണോ എന്നൊക്കെ അയാളുടെ കണ്ണുകളിൽ നിന്നും വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.