കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടിലാണ് കോളറ സാന്നിധ്യം സ്ഥിരീകരിച്ചത്.

വരന്റെയും വധുവിന്റെയും വീട്ടിലെയും കാറ്ററിങ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവർക്കും കോളറയുടെ ലക്ഷണങ്ങളില്ല. 

ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരൻ യമീൻ മരിച്ചത്. ഭക്ഷണം കഴിച്ച യമീൻ അടക്കം 11 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.