ദോഹ: കായിക യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു എസ് എഫ് എ) ലോക ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായിക പരിപാടികളിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കൾച്ചറൽ ഫോറം പങ്കാളികളായി.കായിക പരിപാടികളിൽ പരിശീലിക്കാനും അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രായഭേദമന്യേ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യു എസ് എഫ് എ ലോക ശിശുദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.

ഡിസ്‌കവർ - സ്‌പോർട് എന്ന തലക്കെട്ടിൽ അൽ റയ്യാൻ പാർക്കിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം ഖത്തറിന് പുറമേ, പൊതു -സ്വകാര്യ മേഖലകളിൽ നിന്നുള്ള വിവിധ കായിക സംഘടനകളും സ്ഥാപനങ്ങളും
ഭാഗമായിരുന്നു.

കുട്ടികൾക്കായി ഫുട്ബാൾ,വോളിബാൾ,ബാസ്‌കറ്റ് ബോൾ തുടങ്ങിയ മത്സരങ്ങളും ഫിറ്റ്‌നസ്സ് സെഷനും ഫൺ റണ്ണും സംഘടിപ്പിച്ചിരുന്നു.
കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി തസീൻ അമീൻ, സ്പോർട്സ് കൺവീനർ അനസ് ജമാൽ, സ്പോർട്സ് വിങ് വകുപ്പ് ലീഡർമാരായ ഷബീബ് അബ്ദുറസാഖ്, റഹ്‌മതുകൊണ്ടോട്ടി, സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം നിത്യ സുബീഷ്, നടുമുറ്റം ഏരിയ കൺവീനർ സുമയ്യ തസീൻ, വിവിധ ജില്ലാ മണ്ഡലം പ്രവർത്തകരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.