ചെന്നൈ: ശക്തമായ മഴയിൽ മഴവെള്ളപാച്ചിലും മണ്ണിടിച്ചലും ഉണ്ടായതിനെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ, ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്രക്ക് താൽകാലിക വിലക്കേർപ്പെടുത്തി തേനി ജില്ലാ ഭരണകൂടം.ഇരുസംസ്ഥാങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ റോഡാണിത്. വർഷകാലത്ത് ബോഡിമെട്ട് ചുരത്തിൽ മണ്ണിടിച്ചിലുണ്ടാവുന്നത് നിത്യസംഭവമാണ്. വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്.

സംസ്ഥാന അതിർത്തിമേഖലയിൽ വൈകിട്ട് അഞ്ച് മണിമുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് പ്രധാന അതിർത്തി പാതകളിൽ ഒന്നായ ബോഡിമെട്ട് ചുരം വഴിയുള്ള യാത്രക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഴ തുടർന്നാൽ രാത്രികാല യാത്രക്കുള്ള നിരോധനവും തുടർന്നേക്കും.