- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപിമാരായ എൻ.കെ.പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധാർഹമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ
കട്ടപ്പന: മുല്ലപ്പെരിയാർ സന്ദർശനത്തിന് മുൻ ജലവിഭവ മന്ത്രിയും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നിവർക്ക് അനുമതി നിഷേധിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ പ്രതിപക്ഷ ജന പ്രതിനിധികൾക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുന്നത് പതിവാകുന്നുവെന്ന ആക്ഷേപം നില നിൽക്കുന്നതിനിടെയാണ് തിങ്കളാഴ്ച എംപിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചത്. രേഖാമൂലം കത്ത് നൽകിയിട്ടും അനുമതി നിഷേധിച്ചതോടെ ഉപ്പുതറയിലെ ജനജാഗ്രത സദസ്സിൽ പങ്കെടുത്തശേഷം എംപിമാർ മടങ്ങി.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ 26ന് മുല്ലപ്പെരിയാർ സന്ദർശിക്കാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എത്തിയിരുന്നു. വള്ളക്കടവിൽനിന്ന് വനംവകുപ്പ് ജീപ്പിലാണ് എത്തിയത്. എന്നാൽ, അണക്കെട്ടിലേക്ക് കടക്കാൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സമ്മതിച്ചിരുന്നില്ല. ഇത്തവണ ജില്ല കലക്ടറോ ചീഫ് സെക്രട്ടറിയോ രേഖാമൂലം അറിയിക്കാതെ കടത്തി വിടാനാകില്ലെന്നാണ് വനം വകുപ്പ് നിലപാടെടുത്തത്. ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ തടയുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് അണക്കെട്ട് സന്ദർശിക്കുന്നതിന് തമിഴ്‌നാട് അനുമതി നൽകുമ്പോഴാണ് സംസ്ഥാന സർക്കാർ സന്ദർശനം നിഷേധിക്കുന്നത്. ഡാമിന്റെ അപകടാവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് അണക്കെട്ടിൽ കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇവർ പറഞ്ഞു.
സന്ദർശനാനുമതി നിഷേധിച്ചത് പ്രതിഷേധാർഹം ഹസൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ യു.ഡി.എഫ് എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് കൺവീനർ എം.എം. ഹസൻ. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയും സർക്കാറും യു.ഡി.എഫ് നേതാക്കളെ ഡാം സന്ദർശിക്കാൻ പോലും അനുവദിക്കുന്നില്ല. ജനങ്ങളിൽ നിന്ന് പലതും മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡീൻ കുര്യാക്കോസ് എംപിയെ സ്വന്തം മണ്ഡലത്തിലെ ഡാം സന്ദർശിക്കാനും നിജസ്ഥിതി മനസ്സിലാക്കാനും സർക്കാർ അനുവദിക്കാത്തത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ