ചണ്ഡിഗഡ്: ലാളിത്യമാർന്ന സംഭാഷണത്തിലൂടെയും പ്രവൃത്തിയിലൂടെയും പഞ്ചാബിനെ ഇളക്കി മറിച്ച് അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് മുന്നോടിയായി പഞ്ചാബിലെത്തിയ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ ഓട്ടോ ടാക്‌സി ഡ്രൈവർമാരെ 'കയ്യിലെടുത്ത്' കൊണ്ടാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ദീർഘനേരം നീണ്ട സംവാദത്തിന് ശേഷം അവർക്കൊപ്പം അത്താഴം കഴിച്ചശേഷമാണു മടങ്ങിയത്.

'ഞാൻ താങ്കളുടെ കടുത്ത ആരാധകനാണ്. ഞാൻ ഒരു ഓട്ടോക്കാരനാണ്' ചോദ്യോത്തര വേളയിൽ കേജ്രിവാളിനൊപ്പം സെൽഫിയെടുത്ത ഒരാൾ പറഞ്ഞതിങ്ങനെ. 'സർ, താങ്കൾ ഓട്ടോറിക്ഷ ഡ്രൈവർമാരെ സഹായിക്കുന്ന ആളാണ്. ഈ പാവപ്പെട്ട ഓട്ടോ തൊഴിലാളിയുടെ വീട്ടിൽനിന്നു താങ്കൾ ഭക്ഷണം കഴിക്കുമോ? ഹൃദയത്തിൽ തട്ടിയാണു ക്ഷണിക്കുന്നത്.' ആശയവിനിമയത്തിനിടെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഇങ്ങനെ ചോദിച്ചപ്പോൾ സദസ്സ് ഇളകിമറിഞ്ഞു.

'തീർച്ചയായും. ഇന്നുരാത്രി ആയാലോ' എന്ന കേജ്രിവാളിന്റെ മറുചോദ്യത്തെ സദസ്സ് കയ്യടികളോടെയാണു വരവേറ്റത്. പിന്നീടു കേജ്രിവാളും ചില സഹപ്രവർത്തകരും ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തി അവിടെ നിന്നും അത്താഴവും കഴിച്ചു.

'ദിലീപ് തിവാരി ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് അത്താഴം കഴിക്കാൻ ഞങ്ങളെ ഹൃദയത്തിൽത്തട്ടി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഞങ്ങൾക്കു വളരെയധികം സ്‌നേഹം നൽകി. അത്താഴം വളരെ സ്വാദിഷ്ടമായിരുന്നു. ഡൽഹിയിലെ വസതിയിൽ എനിക്കൊപ്പം അത്താഴം കഴിക്കാൻ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്' കേജ്രിവാൾ ട്വീറ്റ് ചെയ്തു.

പഞ്ചാബിലെ പ്രചാരണത്തിൽ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയെ കടന്നാക്രമിക്കാനും കേജ്രിവാൾ മറന്നില്ല. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഓട്ടോ ടാക്‌സി തൊഴിലാളികളുമായും കേജ്രിവാൾ ആശയവിനിമയം നടത്തിയിരുന്നു.