കായംകുളം: മുൻ സ്പീക്കറും നോർക്ക റൂട്‌സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും ബസ് യാത്രയ്ക്കിടെ നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയിൽ കാണാതാവുകയായിരുന്നു. ഇന്നലെ പുലർച്ചെ 2.50ന് കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ കായംകുളം പൊലീസിൽ പരാതി നൽകി.

ബെംഗളുരുവിലേക്കു പോയ ശ്രീരാമകൃഷ്ണനെ മലപ്പുറം ചങ്ങരംകുളത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ കാറിൽ എത്തിച്ച ശേഷം ബസിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു തിരുവനന്തപുരം സെക്യൂരിറ്റി കൺട്രോളിലെ രാജേഷ്. ഞായർ രാത്രി 11ന് ആണ് ബസിൽ കയറിയത്. മുൻസീറ്റിലിരുന്ന രാജേഷ് ബാഗ് താഴെ വച്ച് ഉറങ്ങുകയായിരുന്നു. ഉണർന്നു നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടെന്നു മനസ്സിലായത്. തോക്കിനും തിരകൾക്കും പുറമേ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവയും ബാഗിൽ ഉണ്ടായിരുന്നു.