വാഷിങ്ടൻ ഡി സി: കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിൽ വീണ്ടും കോവിഡ് കേസ്സുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‌വൈസർ ഡോ. ആന്റണി ഫൗഡി മുന്നറിയിപ്പു നൽകി. ഈ തിങ്കളാഴ്ച മുതൽ താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകളും കോവിഡ് കേസ്സുകൾ അപകടകരമായ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഫൗഡി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസ്സുകൾ 100,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആൻഡ് ഔഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും.

അമേരിക്കയിൽ വാക്‌സിനേഷന് അർഹതയുള്ള 60 മില്യൺ ആളുകൾ ഇതുവരെ വാക്‌സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു.

വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗ്ഗം വാക്‌സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ കണക്കുൾ അനുസരിച്ചു കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29% കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. 2020 ൽ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാൾ കൂടുതൽ 2021 ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.