ദമ്മാം: നവയുഗം സാംസ്‌കാരികവേദി അൽഹസ സനയ്യ യൂണിറ്റ് മെമ്പർ ആയിരുന്ന പരേതനായ സനീഷ് പുത്തൻപുരയ്ക്കലിന്റെ കുടുംബത്തിന്, നവയുഗത്തിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് മനക്കപ്പടിയിലുള്ള സനീഷിന്റെ വീട്ടിൽ വെച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും, മുൻ റവന്യൂമന്ത്രിയുമായ കെ.ഇ ഇസ്മയിൽ, സനീഷിന്റ ഭാര്യ ദൃശ്യയ്ക്ക് കുടുംബസഹായ ഫണ്ട് കൈമാറി.

ചടങ്ങിൽ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ ലത്തീഫ് മൈനാഗപ്പള്ളി, അൽഹസ മേഖലാ സെക്രട്ടറി സുശീൽകുമാർ, സിയാദ് കായംകുളം, സിപിഐ ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളായ രാജപ്പൻ, സയ്യിദ്, വാർഡ് മെമ്പർ ആയ ഉണ്ണി, സനീഷിന്റെ ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു.

നവയുഗം സാംസ്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും, സജീവ പ്രവർത്തകനുമായിരുന്ന സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം ഈ വർഷം ജൂലൈ 13നാണ് മരണമടഞ്ഞത് . ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ്, അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.

പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.

നവയുഗം അൽഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്ന സനീഷ്, എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.