- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്തുകേസിൽ സർക്കാർ അനുപമയ്ക്ക് ഒപ്പം; കുഞ്ഞ് അനുപമയുടേത് എന്ന് തെളിഞ്ഞതിൽ സന്തോഷം; കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും മന്ത്രി വീണ ജോർജ്
തിരുവനന്തപുരം ദത്തു കേസിൽ അമ്മ അനുപമയ്ക്കൊപ്പമാണ് സർക്കാർ ഉണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞ് അനുപമയുടെതെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുനടപടികളിൽ മുൻഗണന ലഭിക്കുമെന്നും ഇവർക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.
അനുപമയുടെ പരാതി അറിഞ്ഞപ്പോൾ തന്നെ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നുവെന്നും വിഷയത്തിൽ സർക്കാർ അനുപമയ്ക്കൊപ്പമാണെന്നും വീണാ ജോർജ് പറഞ്ഞു. കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. വിഷയത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ഉടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ ഡിഎൻഎ ഫലം പോസിറ്റീവായതോടെ സിഡബ്ല്യൂസി നിർദ്ദേശപ്രകാരം അനുപമയും അജിത്തും നിർമ്മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയ ഡിഎൻഎ ഫലം സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.
ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിൾ നൽകിയത്. കുഞ്ഞിന്റെ സാമ്പിൾ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിർമ്മല ശിശുഭവനിൽ വച്ചാണ് കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചത്. നിലവിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമരം സമരം തുടരുമെന്നും എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നടക്കമുള്ള കാര്യങ്ങളിൽ കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. ഇവിടെ വരെയുണ്ടായ നടപടികളിലെ കാലതാമസം ഇനിയുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ