- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ കരിയർ എന്റെ കഴിവാണ്; ആ കഴിവ് നശിപ്പിക്കാൻ ഒരാൾക്കും കഴിയില്ല; വർഗീയതക്കെതിരെ ഇന്നു പോരാടിയില്ലെങ്കിൽ പിന്നെ എന്നു പോരാടാനാണ് ': മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക അവാർഡ് ഏറ്റുവാങ്ങി ആയിഷ സുൽത്താന
മലപ്പുറം: രാജ്യത്ത് വർഗീയത കുത്തിനിറച്ച് കൊണ്ടിരിക്കുക ആണെന്നും കർഷക സമരം ലക്ഷദ്വീപുകാർക്ക് പ്രചോദനമാണെന്നും ലക്ഷദ്വീപുകാരിയും യുവ ചലച്ചിത്ര സംവിധായികയും നടിയുമായ ആയിഷ സുൽത്താന. ലക്ഷദ്വീപ് സമൂഹത്തിന്റെ പൗരാവകാശങ്ങൾക്കു വേണ്ടി പോരാടിയത് പരിഗണിച്ച് ലഭിച്ച മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക അവാർഡ് ഏറ്റുവാങ്ങി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു ആയിഷ സുൽത്താന.
തനിക്ക് ലഭിച്ച അവാർഡ് കർഷക സമരത്തോടൊപ്പം നിന്ന ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും ഇവർ പറഞ്ഞു. ഏറ്റവും വലിയ ദാനമാണ് അന്നദാനമെന്നും ഇതിനാലാണ് ഇവർക്കായി ഈ പുരസ്കാരം സമർപ്പിക്കുന്നതെന്നും ആയിഷ സുൽത്താന പറഞ്ഞു. വർഗീയതയില്ലെങ്കിൽ നമ്മുടെ രാജ്യം എത്ര മനോഹരമായിരിക്കും. വർഗീയതക്കെതിരെ ഇന്നു പോരാടിയില്ലെങ്കിൽ പിന്നെ എന്നു പോരാടാനാണ്. എന്റെ കരിയർ എന്റെ കഴിവാണ്. ആ കഴിവ് നശിപ്പിക്കാൻ ഒരാൾക്കും കഴിയില്ല. അത് നമ്മൾ ഉണ്ടാക്കിയെടുത്തതാണ്, അത് ഒരാൾക്കും നശിപ്പിക്കാൻ കഴിയില്ല. അതുപേടിച്ചുകൊണ്ടു പിന്നോട്ടില്ല എന്നത് എന്റെ തീരുമാനമാണ്. നമ്മുടെ രാജ്യത്ത് നശിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കേരളം ഞങ്ങളുടെ ഭാഗമാണെന്നും ഈ പിന്തുണ എന്നു ദ്വീപുകാർ ആഗ്രഹിക്കുന്നുണ്ടെന്നും ആയിഷ സുൽത്താന പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ സ്മരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന മുഹമ്മദ് അബ്ദുറഹിമാൻ അനുസ്മരണ യോഗവും അവാർഡ്ദാനവും മുന്മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പുതുതലമുറ അബ്ദുറഹിമാൻ സാഹിബിന്റെ ആദർശങ്ങൾ ഉൾക്കൊള്ളണമെന്നും മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കാൻ തയ്യാറാവുകയും വേണമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു.സ്വാതന്ത്ര്യ സമര രംഗത്തെ നായക സ്ഥാനം തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോൺഗ്രസിനെ മലബാറിന്റെ മുക്കിലും മൂലയിലും കരുപ്പിടിപ്പിക്കുന്ന കാര്യത്തിലും അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട് ഈ യുവ രാഷ്ട്രീയ നേതാവ്. കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാറിന്റെ അമരത്തിൽ നിന്നുകൊണ്ടാണ് അബ്ദുറഹിമാൻ സാഹിബ് ഇത് സാധിച്ചെടുത്തത്. 1921 തൊട്ട് 1945 വരെയുള്ള ഏതാണ്ട് രണ്ടര പതീറ്റാണ്ടുകാലം മലബാറിന്റെ രാഷ്ട്രീയ ചരിത്രം രചിക്കുന്നതിൽ മുഹമ്മദ് അബ്ദുറഹിമാന് നിർണ്ണായകമായ സ്ഥാനമുണ്ട്. ഇതിനിടയിൽ ഒമ്പത് വർഷകാലത്തെ കൊടുംയാതനകൾ അനുഭവിച്ച ജയിൽ ജീവിതവും അദ്ദേഹത്തിന് പോരാട്ടത്തിന്റെ നാളുകളായിരുന്നു. തന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പ്രസിദ്ധീകരിച്ച 'അൽ അമീൻ ' പത്രം സ്വാതന്ത്ര്യ സമര രംഗത്ത് അദ്ദേഹത്തിന് ഏറ്റവും ശക്തിപകർന്ന കൂട്ടായിരുന്നു.മദിരാശി നിയമസഭയിലെ ശ്രദ്ധേയനായ സാമാജികൻ, കോഴിക്കോട് നഗരസഭയിലേയും മലബാർ ഡിസ്ട്രിക്ട് ബോർഡിലേയും പ്രക്ഷോഭകാരിയായ ജനപ്രതിനിധി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ യുഗപുരുഷനായിരുന്നു അദ്ദേഹമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
ഏറെ പിന്നണിയിൽ കിടന്നിരുന്ന മുസ്ലിം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ പ്രത്യേക പരിഗണനയും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയ നേതാവാണ് മുഹമ്മദ് അബ്ദുറഹിമാൻ.
സമരത്തിന്റെ നായക സ്ഥാനത്തോടൊപ്പം മലബാർ കലാപത്തിൽ ഇരകളായവർക്ക് വേണ്ടി വിവിധ സ്ഥലങങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിച്ചത് ഈ മനുഷ്യ സ്നേഹിയുടെ ചരിത്രത്തിൽ അവിസ്മരണീയ ഏടുകളാണ്. കോഴിക്കോട്ടെ ജെ ഡി ടി ഇസ്ലാം എന്ന അനാഥാലയം സ്ഥാപിച്ചത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ആയിരുന്നു എന്ന കാര്യം പുതുതലമുറയിൽ പലർക്കും അറിഞ്ഞുകൂടാ.
മൂന്നു തവണ കെ പി സി സി പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. പക്ഷേ രണ്ടു കൊല്ലത്തിനിടക്കാണ് ഇതെല്ലാം സംഭവിച്ചത്. 1938, 1939, 1940 വർഷങ്ങളിലായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും ചുരുങ്ങിയ കാലത്തിനിടക്ക് കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാൻ അദ്ദേഹത്തിനെ നിർബന്ധിപ്പിച്ചത് നിലപാടുകളുടെ കർക്കശ്യത തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡി സിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് പി സി സി പ്രസിഡന്റും മുൻ എം പി യുമായ ഹംദുല്ല സയ്യിദ് , എ പി അനിൽകുമാർ എം എൽ എ, കെ പി സി സി ജന. സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുൻ എം പി സി ഹരിദാസ്, ജില്ലാ യുഡിഎഫ് ചെയർമാൻ പി. ടി അജയ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്