ലണ്ടൻ: പച്ചയായ ക്രൂരതയുടെ ആൾരൂപങ്ങളായ ഒരു പിതാവിന്റെയും പോറ്റമ്മയുടെയും കൊടിയ പീഡനത്തിൽ മരണമടഞ്ഞ യുകെയിലെ ആർതർ ലാബിഞ്ഞോ ഹ്യുഗസ് എന്ന ആറുവയസ്സുകാരന്റെ അന്തിമ രംഗങ്ങൾ പുറത്തുവന്നു. ചില സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെടുന്നതിനു മുൻപ് വരെ ദീർഘനാൾ നിലത്ത് കിടന്നുറങ്ങാൻ നിർബന്ധിക്കപ്പെട്ട ആ പിഞ്ചു ബാലൻ നിലത്തുനിന്നും ഒരു കിടക്കവിരി എടുക്കാൻ പോലുമാകാതെ കഷ്ടപ്പെടുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൈജാമ അണിഞ്ഞ ബാലൻ നിലത്തുനിന്ന് വിരിയും തലയിണയും എടുക്കാൻ ശ്രമിക്കുമ്പോൾ വേദനയിൽ നീറുന്നത് ആ മുഖത്ത് കാണാം.

ബ്രിട്ടണിലെ വെസ്റ്റ് മിഡ്ലാൻഡ്സിലെ സോളിഹള്ളിലുള്ള തങ്ങളുടെ വീട്ടിൽ വച്ചാണ് ആർതറിന്റെ പിതാവ് 29 കാരനായ തോമസ് ഹ്യുഗസും ആർതറിന്റെ രണ്ടാനമ്മ എമ്മ ടുസ്റ്റിൻ എന്ന 32 കാരിയും ചേർന്ന് ആർതറിനെ കൊന്നത്. കഴിഞ്ഞവർഷം ജൂലായ് 17 നായിരുന്നു സംഭവം നടന്നത്. കേസ് വിചാരണ നടക്കുന്ന കവൻട്രി ക്രൗൺ കോർട്ടിൽ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളാണ്ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 16 ന് സി സി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിവ വീടിന്റെ സ്വീകരണമുറിയിലെ നിലത്തായിരുന്നു ഈ ബാലൻ ഏറേ നാളുകളായി കിടന്നുറങ്ങാൻ വിധിക്കപ്പെട്ടിരുന്നത്.

ഒന്നു നിവർന്ന് നിൽക്കാൻ തന്നെ ആ ബാലൻ രണ്ട് മിനിറ്റിലേറെ സമയമെടുക്കുന്നുണ്ട്. എഴുന്നേറ്റ് മുറിയുടെ മറുഭാഗത്തേക്ക് നടന്നുപോകാനുള്ള ശ്രമത്തിനിടയിൽ ആ ബാലൻ തന്നെ ആരും സ്നേഹിക്കുന്നില്ല എന്ന് നാലുതവണ പറയുന്നുണ്ട്. പിന്നെട് കിടക്കവിരിയും താങ്ങി മുറിയുടെ വാതിലിനു നേരെ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്ക്കൊപ്പം ഓഡിയോ ക്ലിപ്പുകളും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 44 സെക്കന്റ് നീണ്ടു നിൽക്കുന്ന ഒരു ഓഡിയോ ക്ലിപ്പിൽ തനിക്ക് ആരും ഭക്ഷണം നൽകുന്നില്ലെന്നും ആ പിഞ്ചുബാലൻ വിലപിക്കുന്നുണ്ട്.

ബാലപീഡനങ്ങൾ എന്ന നിർവ്വചനത്തിലെ്പടുന്ന നിരവധി ക്രൂര പീഡനങ്ങൾക്ക് ശേഷം ആ ബാലന്റെ മസ്തിഷ്‌കത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു എന്ന് കോടതി കണ്ടെത്തി. ഇതിനു പുറമെ പട്ടിണിക്കിട്ടും ദിവസം 14 മണിക്കൂർ വരെ നിൽക്കാൻ നിർബന്ധിതനാക്കിയും ആ കുഞ്ഞിനെ പീഡിപ്പിച്ചതായും കോടതി കണ്ടെത്തി. എന്നാൽ, കൊലപാതകവും അതുപോലെ ബാലനെ പീഡിപ്പിച്ചു എന്ന കുറ്റവും ഹ്യുഗസും ടസ്റ്റിനും നിഷേധിച്ചു. പക്ഷെ ടസ്റ്റിന്റെ ഫോണിൽ നിന്നും ലഭിച്ച വോയ്സ് ക്ലിപ്പുകൾ അവർക്ക് എതിരാവുകയായിരുന്നു. ഹ്യുഗസ് വീടുവിട്ടിറങ്ങിയാൽ ഉടൻ തന്നെ ആർതറിനെ ദ്രോഹിച്ച് അവന്റെ കരച്ചിൽ റിക്കോർഡ് ചെയ്ത് ടസ്റ്റിൻ ഹ്യുഗസിന് അയച്ചു കൊടുക്കുമായിരുന്നു.

വീണ്ടും തുടങ്ങി, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പമായിരുന്നു ഈ വോയ്സ് ക്ലിപ്പുകളും അയച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള ഇരുന്നൂറോളം മെസേജുകളാണ് ഇവർ ഇങ്ങനെ അയച്ചത്. അതിൽ ചിലതിൽ ആർതർ തന്റെ അമ്മാവനേയും മുത്തശ്ശിയേയും വിളിക്കുന്നതും കേൾക്കാം. ഒരു വോയ്സ്‌ക്ലിപ്പിൽ കുഞ്ഞ് ആർതർ ദയനീയമായി കുടിക്കാൻ ഒരല്പം വെള്ളത്തിനായി യാചിക്കുന്നത് കേൾക്കാം. മറ്റൊന്നിൽ അവനോട് എഴുന്നേറ്റ് നേരെ നിൽക്കാൻ ആജ്ഞാപിക്കുന്ന ടസ്റ്റിന്റെ ശബ്ദവും കേൾക്കാം.

അർതറിന്റെ അമ്മാവനായ ബ്ലേക്ക് ഹ്യുഗസ് കഴിഞ്ഞമാസം, ടസ്റ്റിൻ തന്റെ തല ചുമരിലിടിച്ചു എന്ന് ആർതർ കരഞ്ഞു പറഞ്ഞ കാര്യം കോടതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ കഠിനമായ ഒരു പ്രതലത്തിൽ തലയടിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. താൻ ആർതറിനോട് കർശനമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്നും അത് അവനെ അനുസരണ പഠിപ്പിക്കാനായിരുന്നു എന്നും ഹ്യുഗസ് വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞിരുന്നു.

വിവാഹമോചനം നേടിയ അമ്മ ഒളീവിയ ലാബിഞ്ഞോയ്ക്കൊപ്പമായിരുന്നു ആർതർ താമസിച്ചിരുന്നത്. തന്റെ പുതിയ പങ്കാളിയെ കൊന്നകുറ്റത്തിന് അവർ ജയിലിലായതോടെയാണ് ഈ പിഞ്ചുബാലൻ തന്റെ പിതാവിനൊപ്പം ചേർന്നത്. അതിനിടയിൽ നാലു മക്കളുടേ അമ്മയായ ടസ്റ്റിനുമായി ഹ്യുഗസ് താമസം ആരംഭിച്ചിരുന്നു. ആർതർ മരണമടയുന്നതിന് രണ്ടു മാസം മുൻപ് അവന്റെ ദേഹത്ത് ചില മുറിപ്പാടുകളും മറ്റും കണ്ടതിനെ തുടർന്ന് മുത്തശ്ശി നൽകിയ പരാതിയിൽ സോഷ്യൽ വർക്കർമാർ ഇവരുടെ വീട് സന്ദർശിച്ചിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടായില്ല.