ചവറ: ഇന്ധനം തീർന്ന ലോറി നീണ്ടകരപ്പാലത്തിൽ ഉപേക്ഷിച്ചു ഡ്രൈവർ മുങ്ങിയതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത് അഞ്ച് മണിക്കൂർ. ആലുവയിൽ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇന്ധനം തീർന്നു പാലത്തിനു നടുവിൽപ്പെട്ടത്. ഇതോടെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു. സ്‌കൂൾ വിട്ടുവന്ന അദ്ധ്യാപകർരും വിദ്യാർത്ഥികൾളും ആശുപത്രിയിലേക്ക് പോയ രോഗികൾ അടക്കം വലഞ്ഞു. ദേശീയപാതയിൽ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങൾ നിരന്നു.

വാഹനത്തിലെ ഇന്ധനം തീർന്നതോടെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നു മുങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടർന്നു വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാത കുഴങ്ങി. ഇതിനിടയിൽ ഇരു ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങൾ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തിൽ നീണ്ടകരപ്പാലം പൂർണമായും ഗതാഗതക്കുരുക്കിലായി. തിക്കിത്തിരക്കി വാഹനങ്ങൾ മറികടക്കുന്നത് ഇരുചക്രവാഹനത്തിൽ പൊലീസ് പട്രോളിങ് സംഘത്തെ നിയോഗിച്ചാണ് ഒഴിവാക്കിയത്.

ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തിൽ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ ഹാജരായ ഡ്രൈവർ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു കേസെടുത്തു.

കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജി.ഡി.വിജയകുമാർ, പൊലീസ് ഇൻസ്‌പെക്ടർമാരായ എ.നിസാമുദ്ദീൻ, യു.ബിജു, എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. പ്രദേശവാസികളായ യുവാക്കളും പൊലീസിനെ സഹായിക്കാൻ ഒപ്പം കൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.