ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്രോഗർ ജീവനക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുവാൻ മാനേജ്മെന്റ് വിസമ്മതിക്കുകയാണെങ്കിൽ താങ്ക്സ് ഗിവിങ്ങിനു മുൻപ് ഏതു ദിവസവും ജോലി ബഹിഷ്‌ക്കരിക്കുമെന്ന് യൂണിയൻ.

2020 ഏപ്രിൽ മുതൽ ക്രോഗർ ജീവനക്കാർ പുതിയ കോൺട്രാക്ട് ഒപ്പുവയ്ക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനേജ്മെന്റ് ഇതുവരെയതിന് തയാറായിട്ടില്ലാ എന്നാണ് യൂണിയൻ ആരോപിക്കുന്നത്.

കഴിഞ്ഞ ആഴ്ച ചേർന്ന യൂണിയൻ പൊതുയോഗമാണ് പണിമുടക്കിന് തീരുമാനമെടുത്തത്. ജീവനക്കാരുടെ സമരത്തെ നേരിടുവാൻ മാനേജുമെന്റ് നടപടികൾ സ്വീകരിച്ചു തുടങ്ങി. ജീവനക്കാർ സ്റ്റോറുകളിൽ നിന്നും വിട്ടുനിന്നാലും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നതിന് 56 മില്യൻ ഡോളർ മാറ്റിവച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളർ ആക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.