ബോത് സ്വാനയിൽ നിന്നും ഉദ്ഭവിച്ചത് എന്നു കരുതപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ കുറിച്ച് ബ്രിട്ടീഷ് വിദഗ്ദർ ആശങ്കകൾ പങ്കുവച്ചു. എൻ യു എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന്റെ പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ ഇതിന്റെ സാന്നിദ്ധ്യം മൂന്നു രാജ്യങ്ങളിൽ കണ്ടെത്തി എന്നതാണ് ആശങ്കയുണർത്തുന്ന കാര്യം.ഈ വകഭേദം അതിവ്യാപനശേഷിയുള്ളതാണ് എന്നതിന്റെ തെളിവാണിതെന്നാണ് ഇവർ പറയുന്നത്.

ഈ വകഭേദത്തിൽ 32 ജനിതകം മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിൽ പലതും അതിവ്യാപനശേഷിക്ക് കാരണമാകുന്നവയാണ്. മാത്രമല്ല, പല ജനിതകവ്യത്യാസങ്ങളും ഈ വകഭേദത്തിന് നിലവിലെ വാക്സിനുകൾക്കെതിരെ പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു. മറ്റു എല്ലാ വകഭേദങ്ങളേക്കാളും കൂടുതൽ മാറ്റങ്ങൾ ഈ വകഭേദത്തിലെ സ്പൈക്ക് പ്രോട്ടീന് ഉണ്ടായിട്ടുണ്ട്. കണ്ടെത്താത്ത എയ്ഡ്സ് പോലെ ഏതെങ്കിലും വൈറസ് ബാധയുള്ള ഒരാളിൽ പ്രവേശിച്ചപ്പോഴായിരിക്കണം ഈ ജനിതകമാറ്റം സംഭവിച്ചത് എന്നാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ജനിതകശാസ്ത്ര വിഭാഗം അദ്ധ്യാപകൻ പ്രൊഫസർ ഫ്രാങ്കോയിസ് ബാലൊക്സ് പറയുന്നത്.

സ്പൈക്ക് പ്രോട്ടീനു വന്ന മാറ്റമാണ് നിലവിലെ വാക്സിനുകളെ ഇതിനു മുൻപിൽ നിഷ്പ്രഭരാക്കുന്നത്. കാരണം പഴയ വകഭേദങ്ങളെ തിരിച്ചറിയുവാൻ മാത്രമാണ് പ്രതിരോധ സംവിധാനത്തിനെ വാക്സിൻ വഴി പരിശീലിപ്പിക്കുന്നത്. ഇതിന്റെ വ്യാപനം ആദ്യമായി ശ്രദ്ധിച്ച ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റായ ഡോ. ടോം പീകോക്ക് പറയുന്നത് ഈ പുതിയ വകഭേദം അതീവ മാരകമായ ഒന്നാണെന്നാണ്. ബി.1.1.529 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ വകഭേദ മറ്റേതൊരു വകഭേദത്തേക്കാൾ വലിയ അപകടകാരിയാകും എന്നാണ്.നിലവിൽ ലോകമാകെ വ്യാപിച്ചിരിക്കുന്ന ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാകും ഇത്.

അതേസമയം, ഇതിനുമുൻപ് മറ്റൊരു വകഭേദത്തിലും കാണാത്തത്ര ജനിതകമാറ്റങ്ങൾ ഇതിന് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വകഭേദം ഒരുപക്ഷെ നീണ്ടനാൾ സജീവമാകാനും ഇടയില്ലെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. ഒരുപക്ഷെ വ്യാപകമായി പരക്കുവാൻ ഇതിന് കഴിഞ്ഞില്ലെന്നും വരാം എന്നും അവർ പറയുന്നു.

ഈ വകഭേദം ഇതുവരെ അമിതമായി വ്യാപിച്ചിട്ടില്ല എന്നതിനാൽ ഇതിനെ കുറിച്ച് ഏറെ ആശങ്കയ്ക്ക് വകയില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. ബോത് സ്വാനയിൽ മൂന്നു പേരിലാണ് ഈ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. സൗത്ത് ആഫ്രിക്കയിൽ ആറു പേരിലും ഹോങ്കോംഗിൽ ഒരാളിലും കണ്ടെത്തിയിട്ടുണ്ട്.