- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികൾക്ക് ജോലി നൽകാൻ യൂണിയൻ കോപ്
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയൻകോപ്, യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ദുബൈയിലെ തങ്ങളുടെ വിവിധ ശാഖകളിലും ഡിപ്പാർട്ട്‌മെന്റുകളിലും സെന്ററുകളിലും ഡിവിഷനുകളിലുമായി സ്വദേശികൾക്ക് വേണ്ടി 50 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. മതിയായ യോഗ്യതയുള്ള പരിചയ സമ്പന്നരെയും ഒപ്പം പുതുമുഖങ്ങളെയും ആകർഷിക്കുക വഴി രാജ്യത്തെ സ്വദേശിവത്കരണ പദ്ധതികൾക്കും പരിപാടികൾക്കും പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
രാജ്യം അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ സന്തോഷത്തിന്റെ അവസരത്തിൽ യൂണിയൻകോപിന്റെ സാമൂഹിക പ്രാധാന്യമുള്ള പരിപാടികൾക്കും പ്രൊമോഷണൽ ഓഫറുകൾക്കും ഒപ്പം ജോലിക്കും അവസരങ്ങൾക്കും കാത്തിരിക്കുന്ന സ്വദേശികൾക്ക് പുതിയൊരു സാധ്യതയാണ് തുറന്നിടുന്നതെന്ന് യൂണിയൻകോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് ബിൻ കിനൈദ് അൽ ഫലാസി പറഞ്ഞു. ദുബൈയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കും ബ്രാഞ്ചുകളിലേക്കും സെന്ററുകളിലേക്കും ആവശ്യമായ 50 തസ്തികകളിലേക്ക് നിയമനം നടത്താനായി സ്ത്രീ - പുരുഷ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ശേഷം ഒന്ന് വരെ അൽ വർഖ സിറ്റി മാളിൽ 'ഓപ്പൺ ഡേ' സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തസ്തികകളിലേക്ക് എല്ലാ അപേക്ഷകരെയും ഉടൻ തന്നെ ഇന്റർവ്യൂ നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്നവരെ ഒഴിവുള്ളതിനനുസരിച്ച് ആവശ്യമായ തസ്തികകളിൽ നിയമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും സ്വദേശിവത്കരണത്തിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്വദേശികളെ സ്വകാര്യ മേഖലയിൽ നിയമിക്കുക വഴി ഈ രംഗത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളിലും രാജ്യത്തെ ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾ പിന്തുടരുകയാണ് യൂണിയൻകോപ് ചെയ്യുന്നത്. 50 ഇന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട 'നാഫിസ്' പദ്ധതിയുടെയും ഭാഗമാണിത്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകളുടെ ഏകോപനത്തിലൂടെ സ്വദേശികൾക്ക് മതിയായ യോഗ്യതകളുണ്ടാക്കുകയും അവരെ പരിശീലിപ്പിച്ച് തൊഴിൽ നൽകി യഥാവിധിയുള്ള അവസരങ്ങൾ അവർക്ക് ലഭ്യമാക്കി ജീവിത സ്ഥിരത ഉറപ്പുവരുത്തുകയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ കാഴ്ചപാടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
സ്വദേശികൾക്ക് തൊഴിൽ ലഭ്യമാവുന്നതിനുള്ള സാധ്യതകൾ ഒരുക്കുകയും സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ബജറ്റിന്റെ നല്ലൊരു പങ്ക് മാറ്റി വെയ്ക്കുകയും ചെയ്യുക വഴി വ്യത്യസ്തമായ തരത്തിലാണ് യൂണിയൻ കോപ് യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശി യുവാക്കളെയും യുവതികളെയും തങ്ങളുടെ ടീമിലേക്ക് ആകർഷിക്കുകയാണ് യൂണിയൻകോപ്. ഒപ്പം സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും വഴി തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നതിലൂടെ സ്വദേഴിവത്കരണ ലക്ഷ്യങ്ങൾക്ക് പിന്തുണയേകാനും രാജ്യത്തെ സാമ്പത്തിക വികസന അജണ്ടകളിൽ സ്വദേശികളുടെ ഭാഗധേയം നിർണയിക്കാനും ഇതിലൂടെ സാധ്യമാവും. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തത്തോടെ തൊഴിൽ മേഖലകൾ ആകർഷകമായി മാറുമ്പോൾ അത് സ്വദേശികളുടെ ജോലി സുരക്ഷിതത്വത്തിലേക്കും ആ മേഖലയിൽ തുടരാൻ അവരെ പ്രത്സാഹിപ്പിക്കുന്നതിലേക്കും നയിക്കും.
ഈ വർഷം ആദ്യം മുതൽ ഒക്ടോബർ മാസം വരെ 70 സ്വദേശി സ്ത്രീ - പുരുഷന്മാരെ യൂണിയൻകോപിൽ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്‌മിനിസ്‌ട്രേഷൻ സംബന്ധമായ ജോലികളിൽ സ്വദേശിവത്കരണ നിരക്ക് ഇതോടെ 36 ശതമാനമായി ഉയർന്നു. രാജ്യത്തിന്റെ ഭരണ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഈ നിരക്ക് കൂടുതൽ ഉയർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയുമാണ്. യുഎഇയിലെ ചില്ലറ വിപണന മേഖലയിലൂടെ സാമ്പത്തിക രംഗത്തെ വികസനം സാധ്യമാക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായ യൂണിയൻ കോപ്, ദേശീയ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട 50 ഇന പരിപാടികളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോൾ സ്വദേശികൾക്ക് വേണ്ടി 50 തസ്തികകൾ മാറ്റിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.