ദോഹ. ലോകത്തെമ്പാടുമുള്ള കാൽപന്തുകളിയാരാധകർ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് അഭിവാദ്യമർപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി കാർണിവൽ വെള്ളിയാഴ്ചവെകുന്നേരം 5 മണി മുതൽ 10 മണി വരെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ നെറ്റ് വർക് എന്നിവയുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി കാർണിവൽ സംഘടിപ്പിക്കുന്നത് .

2022 ഫിഫ ലോക കപ്പ് ഖത്തർ എഡിഷനുള്ള ഒരു വർഷത്തെ കൗണ്ട് ഡൗൺ ഈ മാസം 21 ന് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി കാർണിവൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചു. ഖത്തരീ അതിഥികൾ, വിവിധ രാഷ്ട്രങ്ങളുടെ അംബാസിഡർമാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഖത്തറിൽ ജീവിക്കുന്ന മറ്റു രാജ്യക്കാർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന ചടങ്ങ് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത ഇന്ത്യൻ കായിക പരിപാടികളെ അനാവരണം ചെയ്യുന്ന സംഗീത നൃത്ത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും. കൂടാതെ ഫുട്ബോൾ ഷൂട്ട് ഔട്ട്, ഫേസ് പെയിന്റിങ്, ഫു
ട്ബോൾ ജഗ്ളേർസ്, മാജിക് ഷോ, ലേസർ, ഫയർ വർക്കുകൾ തുടങ്ങിയവയും അരങ്ങേറും. ഫുട്ബോൾ ലോകത്തിനും ആരാധകർക്കും വിശിഷ്യ ആതിഥേയ രാജ്യമായ ഖത്തറിനുമുള്ള ഒരു സമർപ്പണമാകുന്ന നിസ്തുലമായ ആഘോഷമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ പ്രകടിപ്പിക്കുന്ന പരിപാടിയായിരിക്കും വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി കാർണിവൽ. ഇന്ത്യൻ ഡോക്ടേർസ് ക്ളബ്ബ്, യുനൈറ്റഡ് നർസസ് ഓഫ് ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നർസസ് ഖത്തർ എന്നിവയുടെ പ്രതിനിധികൾ കാർണിവൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോളുകൾ കണിശമായി പാലിക്കുന്നു എന്നുറപ്പുവരുത്തും. വാക്സിനെടുക്കാത്ത കുട്ടികൾക്ക് ആന്റിജൻ പരിശോധനക്കും സംവിധാനമൊരുക്കും.

ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിന്റെ ആറാം നമ്പർ ഗെയിറ്റിലൂടെയാണ് പൊതു ജനങ്ങളെ പ്രവേശിപ്പിക്കുക. എന്നാൽ കുടുംബങ്ങൾക്ക് നാലാം നമ്പർ ഗെയിറ്റിലൂടെ പ്രവേശനമനുവദിക്കും.സെൻട്രോ കാപിറ്റൽ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ. മോഹൻ തോമസ്, ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഡോ. എം. പി. ഹസൻ കുഞ്ഞി , പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്തലി, കാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മിബു ജോസ് എന്നിവർ പങ്കെടുത്തു .