ഷിക്കാഗോ: അമേരിക്കയിലെ വിവിധ എൻജിനീയറിങ് സംഘടനകളുടെ അമ്പ്രല്ലാ ഓർഗനൈസേഷനായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎഇഐഒ) ഏപ്രിൽമാസത്തിൽ ടെക്നിക്കൽ കോൺഫറൻസും, പുതുതായി തുടങ്ങിയ സ്റ്റാർട്ട് അപ് കമ്പനികളുടെ സമ്മിറ്റും ഷിക്കാഗോയിൽ നടത്തുന്നു.

ഇന്ത്യൻ കോൺസുൽ ജനറൽ അമിത് കുമാറുമായി ചേർന്ന് സംഘടനയുടെ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസിന്റെ നേതൃത്വത്തിൽ പരിപാടികൾക്ക് അന്തിമരൂപം നൽകി.

ഒരുദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ കോൺഫറൻസ് പുതുതായി തുടങ്ങുന്ന കമ്പനികൾക്ക് മെന്ററിങ്, ബിസിനസ് പ്ലാൻ ഡവലപ്മെന്റ് ഫണ്ടുകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. അതുകൂടാതെ ട്രേഡ് ഷോ, മൈനോറിറ്റി ഓൺഡ് ബിസിനസ് സെമിനാറുകൾ, ലേറ്റസ്റ്റ് എൻജിനീയറിങ് ഡവല്പമെന്റ് സെമിനാറുകൾക്കുശേഷം ബ്ലാക് ടൈ ഡിന്നറോടുകൂടി പരിപാടികൾ സമാപിക്കും.

കാൺപൂർ ഐഐടി ഗ്രജ്വേറ്റും, ഐഎഫ്എസ് ഓഫീസറുമായ കോൺസുൽ ജനറൽ അമിത് കുമാറിന്റെ നിർദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, പെർഡ്യൂ യൂണിവേഴ്സിറ്റി പ്രസിഡന്റ്, ഗവർണർ, സെനറ്റർ, കോൺഗ്രസ്മാൻ, ഫോർച്യൂൺ 100 കമ്പനികളുടെ സിഇഒമാർ എന്നിവർ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഇലക്ട് ഡോ. അജിത് പന്ത്, വൈസ് പ്രസിഡന്റ് നിതിൻ മഹേശ്വരി, ട്രഷറർ അഭിഷേക് ജയിൻ, ബോർഡ് ഓഫ് ഡയറക്ടർ ഡോ. ദീപക് വ്യാസ് എന്നിവർ പറഞ്ഞു.

മെമ്പർഷിപ്പ് ചെയർമാൻ നാഗ് ജെയ്വാളിന്റെ നേതൃത്വത്തിൽ അമേരിക്കയിലുള്ള എൻജിനീയർമാരെ ഉൾക്കൊള്ളിച്ച് മെമ്പർഷിപ്പ് ഡ്രൈവ് നടത്തുന്നുണ്ട്. ഈ പ്രശംസനീയമായ സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ www.AAEIOUSA.ORG സന്ദർശിക്കുക.

മാർച്ച് 10-ന് ഒരു ജോബ് ഫെയർ ബോർഡ് ഓഫ് ഡയറക്ടർ വിനോസ് ചനമാലുവിന്റെ നേതൃത്വത്തിൽ നേപ്പർവില്ലയിലുള്ള ഇന്ത്യ മാളിൽ വച്ചു നടത്തപ്പെടുന്നതാണ്.