കോഴിക്കോട്: തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറിന്റെതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് ബിജെപി നടത്തുന്ന പോരാട്ടം കേവലം ബിജെപിക്ക് വേണ്ടി മാത്രമല്ല. മുഴുവൻ സമൂഹത്തിനും വേണ്ടിയാണ്.

ആർഎസ്എസ്സും ബിജെപിയും മതതീവ്രവാദത്തെ പ്രതിരോധിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് കേരളത്തിലെ കമ്മ്യൂണിസം ഇല്ലാതാകുമെന്നും പിന്നീട് ഇവിടെ താലിബാനിസം മാത്രമേ ഉണ്ടാകൂ എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

എസ്ഡിപിഐയുടെ കൊലപാതകങ്ങൾ സംസ്ഥാന സർക്കാർ എൻഐഎക്ക് കൈമാറണമെന്നും പോപ്പുലർഫ്രന്റും ഇടതുപക്ഷ സർക്കാരും തമ്മിലുള്ള അവിശുദ്ധസഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ല കമ്മറ്റി കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾക്ക് പിണറായിയുടെ പേരിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഭീകരതയോട് വിട്ടുവീഴചയില്ലാത്ത നിലപാട് ഉണ്ടെങ്കിൽ ഈ കേസ് എൻഐഎക്ക് കൈമാറണം. കേരളം താലിബാൻ ആവാതിരിക്കണമെന്ന് ആഗ്രഹമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ബിജെപിക്കൊപ്പം അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷണത്തിൽ മതം ചേർക്കുന്നതിനെതിരെയാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. എന്നിട്ട് അവർ ഹലാൽ ഭക്ഷണം എന്ന ബോർഡ് വച്ച് ഭക്ഷണം വിതരണം ചെയ്തു. അപ്പോൾ ആരാണ് ഭക്ഷണത്തിൽ മതം ചേർക്കുന്നതെന്ന് സന്ദീപ് ചോദിച്ചു. ഇതൊന്നും ബിജെപിക്കും ആർഎസ്എസ്സിനും എതിരായ നീക്കമല്ല, ഭാരതത്തിനെതിരായതാണ്. അന്താരാഷ്ട്ര ഇസ്ളാം ഭീകരവാദത്തിന്റെ ഏജന്റുമാരായി മാറുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സാംസ്‌കാരിക നായകന്മാർ ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ കൂലിപ്പണിക്കാരായി അധഃപതിച്ചിരിക്കുകയാണെന്നും കൊലപാതകത്തിന് ദൃക്സാക്ഷിയായ സഞ്ജിത്തിന്റെ ഭാര്യയെ സന്ദർശിക്കാനോ അശ്വസിപ്പിക്കാനോ തയ്യാറാകാത്തത് അതിന് ഉദാഹരണമാണെന്നും സജീവൻ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ മോഹനൻ, ഇ. പ്രശാന്ത് കുമാർ, എന്നിവർ സംസാരിച്ചു.

എരഞ്ഞിപ്പാലത്തു നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരിദാസ് പൊക്കിണാരി, രാമദാസ് മണലേരി, കെ.പി. വിജയലക്ഷ്മി, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ്, നവ്യാ ഹരിദാസ്, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, കെ. ഗണേശ്, കെ.ടി. വിപിൻ, ടി. ചക്രായുധൻ, ടി.പി. സുരേഷ്, എൻ.പി. രാമദാസ്, ടി. പ്രഭാകരൻ, മധു പുഴയരികത്ത് എന്നിവർ നേതൃത്വം നൽകി.