തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. ഔദ്യോഗിക നിയമ നടപടികൾ തുടരുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ല. നടപടി ക്രമങ്ങളും മറ്റ് കാര്യങ്ങളും തുടരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

അനുപമയ്ക്ക് മകനെ കിട്ടുമ്പോഴും കുഞ്ഞിനെ ദത്തുകൊടുത്തതിലെ ദുരൂഹതകൾ നീങ്ങിയിട്ടില്ല. ഇതിൽ ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകൾ വ്യക്തമാക്കിയാണ് വനിതാ ശിശുവികസന ഡയറക്ടർ ടി വി അനുപമ നൽകിയ റിപ്പോർട്ട്. അനുപമ എസ് ചന്ദ്രൻ കുഞ്ഞിനെ തേടിയെത്തിയതറിഞ്ഞിട്ടും ശിശുക്ഷേമ സമിതിയും, സിഡബ്ല്യുസിയും നടപടികൾ തുടർന്നതാണ് ഗൗരവതരം. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്താകുമ്പോഴും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപഎമ്മിന്റേത്.

കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ തെറ്റുകാരനെന്ന് പറയാൻ കഴിയില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്. ആനാവൂർ അടക്കം കുടുങ്ങുമെന്ന് ഉറപ്പാകുമ്പോഴാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരെയും നടപടിയുണ്ടായാൽ മാത്രമേ നീതി ലഭിക്കുവെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനുപമ.

ഇന്നലെ രാവിലെയാണ് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജിന് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത്. ഇത് വരെ റിപ്പോർട്ട് പരിശോധിച്ച് നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ലെന്നാണ് വിവരം. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ് ഉടൻ തുടർനടപടികളിലേക്ക് പോകുമോ എന്നതാണ് പ്രധാനം. ഇതുവരെ ആരോപണ വിധേയരെ താത്കാലികമായി പോലും മാറ്റിനിർത്താൻ സർക്കാർ തയ്യാറായിട്ടില്ല. ദത്ത് വിവാദത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീവേദി പറഞ്ഞു.