പട്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡിയുമായി സഖ്യമുണ്ടാക്കാൻ എൽജെപി നേതാവ് ചിരാഗ് പസ്വാൻ. എൻഡിഎ വിട്ടശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ ദയനീയ പരാജയമാണു മഹാസഖ്യത്തിൽ ചേരാൻ ചിരാഗ് പസ്വാനെ പ്രേരിപ്പിച്ചത്.

എൽജെപിയിലുണ്ടായ പിളർപ്പും ബിഹാർ രാഷ്ട്രീയത്തിൽ ചിരാഗ് പസ്വാന്റെ നില ദുർബലമാക്കിയിട്ടുണ്ട്. നിലവിൽ ബിഹാർ നിയമസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലും എൽജെപിക്കു(റാം വിലാസ്) പ്രതിനിധികളില്ല. ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒഴിവു വന്ന 24 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്.

ബിഹാറിൽ കോൺഗ്രസ് മഹാസഖ്യം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആറു സീറ്റു വരെ എൽജെപിക്കു (റാം വിലാസ്) വിട്ടുകൊടുക്കാൻ ആർജെഡി തയാറായേക്കും. നഗരസഭാ, പഞ്ചായത്ത് വാർഡ് അംഗങ്ങളാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിലെ വോട്ടർമാർ.