കോവിഡിന്റെ കരിനിഴൽ ഭൂമിയിൽ നിന്നും വിട്ടുമാറില്ലെന്ന് അടിവരയിട്ടു പറയുകയാണ് ബോത് സ്വാനയിൽ കണ്ടെത്തിയ പുതിയ വകഭേദം. ഈ വകഭേദത്തിന് വാക്സിന്റെ പ്രഭാവം 40 ശതമാനം വരെ ഇല്ലാതെയാക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ വ്യാപനം തുടങ്ങിയാൽ അത് സർവ്വനാശത്തിലേക്കുള്ള യാത്രയാകുമെന്ന് തിരിച്ചറിഞ്ഞ രാജ്യങ്ങൾ ഈ മാരക വകഭേദത്തെ പ്രതിരോധിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സൗത്ത് ആഫ്രിക്ക ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തുകയാണ് ബ്രിട്ടൻ.

ബി.1.1.529 എന്ന് ഔദ്യോഗിക നാമം നൽകിയിരിക്കുന്ന ഈ വകഭേദത്തിന് 30 മ്യുട്ടേഷനുകൾ അഥവാ പ്രകീർണ്ണാന്തരങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്ന് നേരത്തേ ഈ രംഗത്തെ വിദഗ്ദർ വെളിപ്പെടുത്തിയിരുന്നു. മറ്റേതൊരു വകഭേദത്തിലും കണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ മ്യുട്ടേഷനുകളാണ് ഇതിൽ സംഭവിച്ചിരിക്കുന്നത്. ഏറെ ഭീതി സൃഷ്ടിച്ച ഡെൽറ്റ വകഭേദത്തിൽ പോലും ഇതിന്റെ പകുതി മ്യുട്ടേഷനുകൾ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെയാണ് മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ ഇതിന് വ്യാപിക്കുവാൻ കഴിയുമെന്നും വാക്സിനെ ചെറുക്കാൻ കഴിയുമെന്നും അനുമാനിക്കുന്നത്.

നു എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്യാൻ പോകുന്ന ഈ വകഭേദം ബൊത്സ്വാനയിലാണ് ആവിർഭവിച്ചതെങ്കിലും നിലവിൽ ദക്ഷിണാഫ്രിക്കയിലാണ് വ്യാപിക്കുന്നത്. ഇതുകൂടാതെ ഹോങ്കോംഗിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ബോത്സ്വാന, എസ്വാറ്റിനി, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് ഇപ്പോൾ ബ്രിട്ടനിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. മറ്റ് ആറു രാജ്യങ്ങളെ കൂടി ഉടൻ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടയുണ്ട്.

ബ്രിട്ടനിൽ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ പൗരന്മാരോട് പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം 500 മുതൽ 700 പേർ വരെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നത്. ഉത്സവകാലം അടുത്തതിനാൽ എണ്ണത്തിൽ ഇപ്പോൾ വർദ്ധനവ് ഉണ്ടായിട്ടുണ്ടാകാം.

ഇപ്പോൾ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്നവർ വരുന്ന ഞായറാഴ്‌ച്ച മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകേണ്ടതായി വരും. അതുപോലെ രണ്ടാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനയും നടത്തേണ്ടതുണ്ട്. ഇതിനോടകം അവിടം സന്ദർശിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയവരോട് കോവിഡ് പരിശോധനക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്പറഞ്ഞു. ബ്രിട്ടീഷ് ശാസ്ത്രലോകം ഒന്നടങ്കം ഈ പുതിയ വകഭേദത്തെ കുറിച്ച് ആശങ്ക പൂണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം സർക്കാരിനും ആശങ്കയുണ്ട് അതിനാലാണ് ഈ സത്വരനടപടി സ്വീകരിച്ചെതെന്നും അദ്ദേഹം അറിയിച്ചു.

ഈ വകഭേദത്തെ ഇപ്പോഴും ആശങ്കയുളവാക്കുന്ന വകഭേദം എന്ന വിഭാഗത്തിൽ പെടുത്തിയിട്ടില്ല. എങ്കിലും യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയിലെ ഒരു വിദഗ്ദൻ പറയുന്നത് ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ വെച്ച് ഏറ്റവും ഭീകരമായ ഒന്നാണിതെന്നാണ്. ദക്ഷിണാഫ്രിക്കയിലും ബോത്സ്വാനയിലും ഹോങ്കോംഗിലുമായി ഇതുവരെ 59 പേരിൽ മാത്രമേ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളു എങ്കിലും ഇത് ലോകമാകെ ഭീതി പരത്തുവാനും കാരണം അതിനുണ്ടെന്ന് കരുതപ്പെടുന്ന അധിക വ്യാപനശേഷിയും അധിക പ്രഹരശേഷിയും തന്നെയാണ്.