മലപ്പുറം: എടിഎമ്മിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പെടെ നാലു പേർ പിടിയിലായി. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്ക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. എടിഎമ്മിൽ നിറയ്ക്കാൻ നൽകിയ പണത്തിൽനിന്ന് 1.59 കോടി രൂപ ഇവര് തട്ടിയെടുക്കുക ആയിരുന്നു.

ഊരകം പഞ്ചായത്ത് അംഗം വേങ്ങര നെടുംപറമ്പിലെ എൻ.ടി.ഷിബു (31), മഞ്ചേരി മുള്ളമ്പാറയിലെ മഹിത് (34), കാവനൂർ ഇരിവേറ്റിയിലെ കൃഷ്ണരാജ് (28), കോട്ടയ്ക്കൽ ചേങ്ങോട്ടൂരിലെ ശശിധരൻ (32) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഷിബു മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായാണു ജയിച്ചത്. അഞ്ചു വർഷത്തിലേറെയായി ഇവർ ഏജൻസിയിയിൽ ജോലി ചെയ്യുന്നു.

വിവിധ ബാങ്കുകളുടെ ജില്ലയിലെ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത് ഇവർ ജോലി ചെയ്യുന്ന ഏജൻസിയാണ്. മലപ്പുറം-കോഴിക്കോട് പാതയിലെ 29 എടിഎമ്മുകളുടെ ചുമതലയാണ് ഇവർക്കുള്ളത്. ബാങ്കുകൾ നൽകുന്ന പണത്തിന്റെ ഒരു ഭാഗം മാത്രം എടിഎമ്മിൽ നിക്ഷേപിച്ചു ബാക്കി തുക കൈക്കലാക്കുന്നതാണു തട്ടിപ്പിന്റെ രീതി. ഈ മാസം 20ന് ഓഡിറ്റിങ്ങിലാണു ക്രമക്കേട് കണ്ടെത്തിയത്. 6 മാസത്തെ കണക്കുകളാണ് പരിശോധിച്ചത്.