മസ്‌ക്കറ്റ്: ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ പ്രവാസികൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്നാമത്തേയോ രണ്ടാമത്തേയോ വാക്‌സിൻ ഡോസുകൾ ഈ ദിവസങ്ങളിൽ സൗജന്യമായി ലഭിക്കും. സിഡിസി ഇബ്രയിലും, ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ വാക്സിൻ വിതരണം ഉണ്ടാകുമെന്നും വാക്സിനേഷൻ വിഭാഗം ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ഈ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭിക്കുക. ഇവിടെ നിന്ന് വാക്സിൻ എടുക്കാൻ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇവിടെ എത്തുന്ന എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ പ്രവാസികളിലും പലരും സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയാണ് വാക്സിൻ എടുക്കുന്നത്.